അഭിറാം മനോഹർ|
Last Modified വെള്ളി, 23 ജനുവരി 2026 (17:26 IST)
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ട് യുഎസ് നാവിക സന്നാഹം ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ വളരെ അടുത്തുനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ട്രംപ് വ്യക്തമാക്കിയത്. സൈനിക നടപടികള്‍ക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് പറഞ്ഞത്. അതില്‍ നിന്നും വിരുദ്ധമായ നീക്കമാണ് നിലവില്‍ നടക്കുന്നത്.
ഇറാനില്‍ മാസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയെ കനത്ത രീതിയില്‍ ബാധിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ് നയിച്ചതെന്നും, ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തുവെന്നുമാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. ഇതിന് പിന്നാലെയാണ് അമേരിക്ക ശക്തമായ മുന്നറിയിപ്പിന്റെ ഭാഗമായി നാവിക സേനയെ ഗള്‍ഫ് മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോദില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നിന്നും തിരിച്ചെത്തുന്നതിനിടെയാണ് ട്രംപ് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതിഷേധക്കാരെ തൂക്കിലേറ്റുന്നത് തടയാന്‍ ഇറാനെതിരെ ബലം പ്രയോഗിക്കുമെന്ന തന്റെ ഭീഷണി പല ജീവനുകള്‍ രക്ഷിച്ചതായും ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസങ്ങളിലായി 3,117 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്.