ജമ്മുവില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ജനുവരി 2026 (17:35 IST)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡയില്‍ വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികര്‍ മരിച്ചു.അപകടത്തില്‍ പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറങ്ങും. പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം.

ബുള്ളറ്റ് പ്രൂഫ് ആര്‍മി വാഹനമായ കാസ്പിര്‍ ഒരു ഓപ്പറേഷനായി പോകുന്നതിനിടെയാണ് ഖന്നി ടോപ്പിലെ ഭാദേര്‍വാ-ചമ്പ അന്തര്‍സംസ്ഥാന റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് മറിഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ ഉണ്ടായ രണ്ടാമത്തെ വലിയ അപകടമാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഗുല്‍മാര്‍ഗ് സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഒരു മലയിടുക്കില്‍ വീണ് രണ്ട് സൈനിക പോര്‍ട്ടര്‍മാര്‍ മരിച്ചു.

ഗുല്‍മാര്‍ഗ് സെക്ടറിലെ അനിത പോസ്റ്റിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍മാരായ ലൈകത്ത് അഹമ്മദ് ദീദാര്‍ (27), ഇഷ്ഫാഖ് അഹമ്മദ് ഖതാന (33) എന്നിവര്‍ മലയിടുക്കില്‍ വീണു മരിച്ചു. ബാരാമുള്ള സ്വദേശികളായ ഇവരുടെ മൃതദേഹങ്ങള്‍ രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :