വന്ദേമാതരത്തിന് ചെക്ക് വെച്ചോ?, സർക്കാർ ചടങ്ങുകളിൽ ആദ്യം തമിഴ് തായ് വാഴ്ത്ത്, പ്രമേയം പാസാക്കി തമിഴ്‌നാട്
1891ല്‍ മനോന്മണീയം സുന്ദരനാര്‍ എഴുതിയ മനോന്മണീയം എന്ന നാടകത്തില്‍ നിന്നാണ് തമിഴ് തായ് വാഴ്ത്ത് സ്വീകരിച്ചിരിക്കുന്നത്.
ദേശീയ ഗാനത്തിന് മുന്‍പായി ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ ബദല്‍ നീക്കവുമായി തമിഴ്നാട്. തമിഴ്നാട്ടിലെ ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകളില്‍ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം ആലപിക്കണമെന്ന് നിര്‍ബന്ധമാക്കികൊണ്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐക്യകണ്‌ഠേനെ പാസാക്കി. മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, എഐഡിഎംകെ തുടങ്ങിയ എല്ലാ പാര്‍ട്ടികളും നിയമസഭയില്‍ ഒറ്റക്കെട്ടായി പിന്തുണച്ചു.
തമിഴ്നാടിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ അവകാശങ്ങളില്‍ തമിഴക വെട്രി കഴകം സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. തമിഴ് ഒരു ഭാഷ മാത്രമല്ല, ഞങ്ങളുടെ ജീവനും വികാരവുമാണ്. സ്വന്തം മാതൃഭാഷ ഒരാളുടെ അമ്മയെ പോലെ പരിശുദ്ധമാണ്. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനോ പരമാധികാരത്തിനോ എതിരല്ല. മറിച്ച് നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ സങ്കല്പത്തെ ശക്തിപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
Tamil is not just a language it is our life - Chief Minister Joseph Vijay pic.twitter.com/l67sux94kP
— Vignesh Theni (@Vignesh_twitz) August 10, 2026
1891ല്‍ മനോന്മണീയം സുന്ദരനാര്‍ എഴുതിയ മനോന്മണീയം എന്ന നാടകത്തില്‍ നിന്നാണ് തമിഴ് തായ് വാഴ്ത്ത് സ്വീകരിച്ചിരിക്കുന്നത്. 1970 നവംബര്‍ 23 മുതലാണ് ഇത് സര്‍ക്കാര്‍ ചടങ്ങുകളില്‍ ആദ്യമായി ആലപിച്ചു തുടങ്ങിയത്. 2021 ഡിസംബര്‍ 12നായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ഗാനത്തെ ഔദ്യോഗിക സംസ്ഥാന ഗാനമായി അംഗീകരിച്ചത്. പാസാക്കിയ പുതിയ നിയമപ്രകാരം തമിഴ്നാട്ടിലുടനീളമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളുടെയും തുടക്കം തമിഴ് തായ് വാഴ്ത്ത് പാട്ടിലൂടെയായിരിക്കും.
