111 അംഗങ്ങളുടെ പിന്തുണ, രണ്ട് പേര്‍ എതിര്‍ത്തു: കേന്ദ്രത്തിന്റെ എഫ്സിആര്‍എ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ഭേദഗതി ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ പാസാക്കി. പ്രത്യേക പ്രമേയത്തെ എല്‍ഡിഎഫ് പൂര്‍ണ്ണമായി പിന്തുണച്ചപ്പോള്‍ ബിജെപിയുടെ രണ്ട് അംഗങ്ങള്‍ അതിനെ എതിര്‍ത്തു. വോട്ടെടുപ്പില്‍ 111 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു.
സര്‍ക്കാരിതര സംഘടനകള്‍ക്കും (എന്‍ജിഒകള്‍) ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും വിദേശത്ത് നിന്ന് ലഭിക്കുന്ന ഫണ്ട് കൈകാര്യം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരെയായിരുന്നു പ്രമേയം. കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
