West Asia Crisis : ഇറാൻ യുദ്ധം തുടരണോ?, ട്രംപും നെതന്യാഹുവും രണ്ടുതട്ടിലെന്ന് റിപ്പോർട്ട്
ഇറാനെതിരായ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രണ്ട് തട്ടിലെന്ന് റിപ്പോര്‍ട്ട്.
ഇറാനെതിരായ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രണ്ട് തട്ടിലെന്ന് റിപ്പോര്‍ട്ട്. ഇരുനേതാക്കളും തമ്മില്‍ ചൊവ്വാഴ്ച നടത്തിയ സുദീര്‍ഘമായ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇറാനെതിരായ വ്യോമാക്രമണം കടുപ്പിക്കണമെന്ന നിലപാടാണ് നെതന്യാഹു എടുത്തത്. എന്നാല്‍ ആക്രമണം വീണ്ടും ആരംഭിക്കുന്നതിന് മുന്‍പ് നയതന്ത്രപരമായ നീക്കത്തിന് അവസരം നല്‍കണമെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം.
ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ നെതന്യാഹു തൃപ്തനല്ലെന്നാണ് സൂചന. ഇറാന്റെ സൈനികശേഷിയെ ദുര്‍ബലപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് ഭരണകൂടത്തെ ദുര്‍ബലമാക്കാനും വ്യോമാക്രമണങ്ങള്‍ വേണമെന്നതാണ് നെതന്യാഹുവിന്റെ പക്ഷം. അതേസമയം സമാധാനക്കരാറിനുള്ള സാധ്യതയാണ് ട്രംപ് തേടുന്നത്. സമാധാനക്കരാറിലെത്താനായില്ലെങ്കില്‍ മാത്രം ആക്രമണത്തിന് തയ്യാറാണെന്ന് ട്രംപ് അറിയിച്ചതായാണ് വിവരം.
നിലവില്‍ പാകിസ്ഥാന്‍, ഖത്തര്‍ എന്നിവരുടെ മധ്യസ്ഥതയില്‍ യുഎസ് ഇറാന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്കായുള്ള ധാരണാപത്രം തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ക്കായി 30 ദിവസം അനുവദിച്ചുകൊണ്ടാണ് ഈ ധാരണാപത്രം. ഈ 30 ദിവസം ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ഈ സമയപരിധിക്കുള്ളില്‍ ആക്രമിക്കാനും സാധിക്കില്ല.
എന്നാല്‍ ഇത്തരത്തിലുള്ള ധാരണാപത്രം ഒപ്പിടുന്നതിനോട് ഇസ്രായേല്‍ കടുത്ത എതിര്‍പ്പിലാണ് ഇസ്രായേല്‍. ആക്രമണങ്ങള്‍ ഇത്രയും വൈകിപ്പിച്ചത് തന്നെ തെറ്റായെന്നും ഉടനെ തന്നെ വ്യോമാക്രമണങ്ങള്‍ പുനരാരംഭിക്കണമെന്നുമാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്.