ഖേൽക്കറെ നിയമിച്ചതിൽ ഒരു തെറ്റുമില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഖേൽക്കറുടെ ചുമതല അവസാനിച്ചു. അതിനുശേഷം സ്വാഭാവികമായി നടത്തിയ നിയമനമാണ്
രത്തൻ യു ഖേൽക്കറിനെ തന്റെ സെക്രട്ടറിയായി നിയമിച്ചതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഖേൽക്കറുടെ നിയമനം സ്വാഭാവിക നിയമനം മാത്രമാണെന്നും അനാവശ്യ വിവാദമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഖേൽക്കറുടെ ചുമതല അവസാനിച്ചു. അതിനുശേഷം സ്വാഭാവികമായി നടത്തിയ നിയമനമാണ്. പശ്ചിമ ബംഗാളിലേതിനു സമാനമായ നിയമനം അല്ല കേരളത്തിൽ നടന്നിരിക്കുന്നത്. ഖേൽക്കറെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത് പിണറായി വിജയനാണ്. യുഡിഎഫിനു 102 സീറ്റ് കിട്ടാൻ വേണ്ടി പിണറായി വിജയൻ ഖേൽക്കറെ നിയമിച്ചു എന്നാണോ പറഞ്ഞുവരുന്നതെന്നും സതീശൻ പരിഹാസ രൂപേണ ചോദിച്ചു.
പശ്ചിമ ബംഗാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന മനോജ് കുമാർ അഗർവാളിനെ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ബംഗാളിലെ സ്ഥിതിയല്ല കേരളത്തിൽ എന്നായിരുന്നു സതീശന്റെ മറുപടി. പശ്ചിമ ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഖേൽക്കറിനെതിരെ അത്തരം ആരോപണങ്ങൾ ഇല്ലെന്ന് സതീശൻ പറഞ്ഞു.