കർണാടകയിൽ യുവാക്കൾക്കിടയിൽ എയ്ഡ്സ് വ്യാപകം, കോളേജുകളിൽ ഇനി നിർബന്ധ പരിശോധന, ആപ്പ് പുറത്തിറക്കി സർക്കാർ
ക്യാമ്പുകളില്‍ എച്ച്ഐവി പ്രതിരോധം, സുരക്ഷാ രീതികള്‍, ആരോഗ്യ പരിശോധന എന്നിവയെ പറ്റി സര്‍ക്കാര്‍ വിദ്യാര്‍ഥികളെ ബോധവത്കരിക്കും.
കര്‍ണാടകയില്‍ എച്ച്ഐവി കേസുകള്‍ ഉയര്‍ന്നതോടെ അടിയന്തിര നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്, ഡിഗ്രി കോളേജുകളിലും നിര്‍ബന്ധിത എച്ച്ഐവി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യൂ ആര് അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. Know Your HIV Status എന്ന പേരിലാകും ആപ്പ്.
എച്ച്ഐവി തുടക്കത്തിലെ കണ്ടെത്തുക, കൃത്യസമയത്ത് കൗണ്‍സലിങ്ങും ചികിത്സയും നല്‍കുക. യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നതെല്ലാമാണ് പരിശോധനകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്യാമ്പുകളില്‍ എച്ച്ഐവി പ്രതിരോധം, സുരക്ഷാ രീതികള്‍, ആരോഗ്യ പരിശോധന എന്നിവയെ പറ്റി സര്‍ക്കാര്‍ വിദ്യാര്‍ഥികളെ ബോധവത്കരിക്കും.നിലവില്‍ ഇന്ത്യയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടക. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ 2.60 ലക്ഷം ആളുകള്‍ എച്ച്ഐവി ബാധിതരാണ്.
എച്ച്ഐവി കേസുകളില്‍ ഭൂരിഭാഗവും 18നും 35നും പ്രായമുള്ളവരാണ് എന്നതാണ് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. 18നും 25നും ഇടയില്‍ 7000ത്തിലധികം പേര്‍ക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചിട്ടുള്ളത്. എച്ച്ഐവി ബാധയുണ്ടെന്ന് അറിയാത്ത അരലക്ഷത്തിലധികം പേര് സംസ്ഥാനത്തുണ്ടാകാമെന്ന് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.