പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറയും, ചനാബ് നദിയിൽ 2,600 കോടിയുടെ ജലവൈദ്യുത പദ്ധതിയുമായി ഇന്ത്യ
പടിഞ്ഞാറന്‍ നദികളിലെ ഇന്ത്യയുടെ ജലവിനിയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്‍ഡസ് ജലസന്ധി സസ്‌പെന്‍ഡ് ചെയ്ത നടപടിയുടെ ഭാഗമായി ചനാബ് നദിയില്‍ വമ്പന്‍ പദ്ധതികളുമായി ഇന്ത്യ. ഏകദേശം 2,600 കൊടി രൂപ ചെലവില്‍ ഹിമാചലിലെ നദീജലം വഴിതിരിച്ചുവിടാനും ജമ്മു കശ്മീരിലെ സലാല്‍ ഡാം നവീകരിക്കാനുമാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ലാഹൗള്‍- സ്പിതിയില്‍ 2,352 കോടി രൂപ ചെലവില്‍ ചെനാബ്- ബിയാസ് ലിങ്ക് ടണല്‍ ഇന്ത്യ നിര്‍മിക്കും. ഏകദേശം 8.7 കിലോമീറ്റര്‍ വരുന്ന തുരങ്കത്തിലൂടെ ചെനാബ് തടകാത്തില്‍ നിന്നുള്ള അധികജലം ബിയാസ് നദിയിലേക്ക് വഴിതിരിച്ചുവിടാനാണ് പദ്ധതിയുടെ ലക്ഷ്യം. വൈദ്യുതി ഉത്പാദനം മാത്രമല്ല, പടിഞ്ഞാറന്‍ നദികളിലെ ഇന്ത്യയുടെ ജലവിനിയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
2025 ഏപ്രിലില്‍ ഇന്‍ഡസ് ജലസന്ധി ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്ത് ഇന്‍ഡസ് ബേസിനിലെ അടിസ്ഥാന സൗകര്യ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്ന തന്ത്രപ്രധാനമായ നടപടികള്‍ ഇന്ത്യ തുടങ്ങിയിരുന്നു.ചനാബ് നദിയില്‍ നാലോളം പ്രധാന ജലവൈദ്യുത പദ്ധതികള്‍ക്ക് ഇന്ത്യ തുടക്കമിട്ടിരുന്നു.
1960ലെ സിന്ധുനദീജലകരാര്‍ പ്രകാരം ചെനാബ്,ജലം, ഇന്‍ഡസ് നദികളിലെ ജലം പാകിസ്ഥാനുള്ളതാണ്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കരാര്‍ ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്തു. 2026 മേയ് 15-ന് ആര്‍ബിട്രേഷന്‍ കോടതി ഉടമ്പടി ഇന്ത്യയുടെ ജല നിയന്ത്രണ ശേഷിക്ക് 'കാര്യമായ പരിമിതി' ഏര്‍പ്പെടുത്തുന്നതായി ഒരു വിധി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ ആ കോടതിവിധി തള്ളികളഞ്ഞിരുന്നു.
ചനാബ് നദിക്കരയില്‍ ഇന്ത്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയതോടെ ബഗ്‌ലിഹാര്‍ അണക്കെട്ടില്‍ നിന്നുള്ള ഒഴുക്ക് കുറഞ്ഞ് സിയല്‍ക്കോട്ടിനടുത്ത് നദി വരണ്ടതായി ഉപഗ്രഹ ചിത്രങ്ങള്‍ പ്രകടമാക്കി. ഇത് പാകിസ്ഥാനില്‍ കൃഷിക്കും ജലസുരക്ഷയ്ക്കും ഭീഷണിയാണ്.ജലത്തെ യുദ്ധോപകരണമാക്കി ഇന്ത്യ ഉപയോഗപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര രംഗത്ത് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.