എബോള വൈറസ് ബാധ: ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു
എബോള വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു. ദില്ലിയില്‍ നടത്താനിരുന്ന ഉച്ചകോടിയാണ് മാറ്റിവെച്ചത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഫ്രിക്കന്‍ യൂണിയനുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എബോള വൈറസ് പൊട്ടിപ്പുറപ്പെടലില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലുമാണ് വൈറസ് വ്യാപനം തുടരുന്നത്. ബുണ്ടിബുഗ്യോ വകഭേദവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പകര്‍ച്ചവ്യാധിയില്‍ ഏകദേശം 80 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എന്നിരുന്നാലും പകര്‍ച്ചവ്യാധി ഇതുവരെ ഒരു പാന്‍ഡെമിക് അടിയന്തരാവസ്ഥയ്ക്കുള്ള മാനദണ്ഡങ്ങളിലെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ രോഗം കൂടുതല്‍ പടരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൂടാതെ സ്‌ക്രീനിംഗും അടിയന്തര പ്രതികരണ നടപടികളും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു.
കിഴക്കന്‍ ഡിആര്‍ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് പ്രധാനമായും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡബ്ലിയുഎച്ച്ഒയുടെ കണക്കനുസരിച്ച് ശനിയാഴ്ച വരെ ഡിആര്‍ കോംഗോയില്‍ ഏകദേശം 80 പേര്‍ മരിച്ചു. 240 ല്‍ അധികം സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പിന്നീട് 88 മരണങ്ങളും 330 ല്‍ അധികം സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.