'അഴുകിയ കൈയും ഉടലിന്റെ ഒരു ഭാഗവും'; ട്രോളി ബാഗ് തുറന്നപ്പോൾ റെയിൽവെ പൊലീസ് ഞെട്ടി
ഗ്വാളിയോർ പിന്നിട്ട് ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ട്രെയിൻ എത്താറായപ്പോൾ ഒരു യാത്രക്കാരനാണ് ഉപേക്ഷിക്കപ്പെട്ട നിലയിലിരിക്കുന്ന ട്രോളി ബാഗ് ശ്രദ്ധിച്ചത്
തമിഴ്‌നാട് എക്‌സ്പ്രസിലെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചുവന്ന ട്രോളി ബാഗിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി. ആഗ്ര കന്റോൺമെന്റ് റെയിൽവെ സ്റ്റേഷനിൽ എത്തിയ തമിഴ്‌നാട് എക്‌സ്പ്രസിന്റെ ജനറൽ കംപാർട്ട്‌മെന്റിലാണ് ബാഗ് കണ്ടെത്തിയത്.
ഗ്വാളിയോർ പിന്നിട്ട് ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ട്രെയിൻ എത്താറായപ്പോൾ ഒരു യാത്രക്കാരനാണ് ഉപേക്ഷിക്കപ്പെട്ട നിലയിലിരിക്കുന്ന ട്രോളി ബാഗ് ശ്രദ്ധിച്ചത്. അതിൽ നിന്ന് രക്തം വാർന്ന് ദുർഗന്ധം വമിച്ചിരുന്നു. ഉടൻ തന്നെ ഇയാൾ റെയിൽവെ ഹെൽപ്പ് ലൈനിൽ സംഭവം അറിയിച്ചു.
രാവിലെ 5.30 ഓടെ ട്രെയിൻ ആഗ്ര കന്റോൺമെന്റ് റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ ജിആർപി, ആർപിഎഫ് ഉദ്യോഗസ്ഥർ പെട്ടി തുറന്നു പരിശോധിച്ചു. പരിശോധനയിൽ അഴുകി കറുത്ത നിറത്തിലായ കൈയും ഉടലിന്റെ ഒരു ഭാഗവും ബാഗിൽ നിന്ന് കണ്ടെത്തി.
ബാഗിലെ ശരീരഭാഗങ്ങൾ പൊതിയാൻ ഉപയോഗിച്ച കവറിൽ ചെന്നൈയിലെ ഒരു സ്ഥാപനത്തിന്റെ ലോഗോയും പേരും കണ്ടെത്തി. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.