1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minister Mons Joseph

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്

Kerala Floods Dams Water Level, Kerala Floods, Kerala Weather Update, Kerala Rains, Weather News Kerala, Kerala Floods Weather Live Update
Kerala Weather
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. 'തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ' എന്നതാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ നിലപാടെന്നും പുതിയ ഡാം നിര്‍മിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
 
സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പോലും ഇതുവരെ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍, തമിഴ്നാടിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തോട് കേരളത്തിന് പരിപൂര്‍ണ വിയോജിപ്പാണുള്ളതെന്ന് മന്ത്രി പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ കൃഷി വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി വി. ഡി. സതീശനുമായി നേരില്‍ കണ്ട് വിഷയം ചര്‍ച്ച  ചെയ്തു. കേരള ജനതയുടെ സുരക്ഷ മുന്‍നിര്‍ത്തി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുക എന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ  ഉറച്ച നിലപാട്.
 
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കുന്നതിനും ബേബി ഡാം ബലപ്പെടുത്തുന്നതിനും മുന്‍പ് സുപ്രീം കോടതി നല്‍കിയ നിര്‍ദേശങ്ങളില്‍ തമിഴ്‌നാട് ഇതുവരെ നടപടിയെടുത്തിട്ടില്ല. 130 ലധികം വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ കാലപ്പഴക്കവും സുരക്ഷാ ആശങ്കകളും ഗൗരവത്തോടെ നിലനില്‍ക്കുമ്പോള്‍, സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന 142 അടിയുടെ മുകളിലേക്ക് പോകുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും അവകാശമില്ല. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും കേരളത്തിന്റെ താല്പര്യങ്ങള്‍ക്കു നിരക്കാത്തതുമായ തമിഴ്നാടിന്റെ ഈ പ്രഖ്യാപനത്തോട് കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
 
തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചന നടത്താനും അഭിപ്രായ സമന്വയത്തോടെ പ്രശ്‌നം പരിഹരിക്കാനുമുള്ള പരിശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തുടരും. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍നടപടികള്‍ കൂടുതല്‍ ക്രമീകരിക്കും. കേരളത്തിന്റെ ഔദ്യോഗികമായ വിയോജിപ്പ് തമിഴ്‌നാട് സര്‍ക്കാരിനെ ഉടന്‍ അറിയിക്കും.
 
മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട ഇന്‍ഡിപെന്‍ഡന്റ് എക്‌സ്പര്‍ട്ട് പാനലിലേക്ക് കേരളത്തോട് ആലോചിക്കാതെ പ്രതിനിധിയെ വച്ചതില്‍ നേരത്തെ കേന്ദ്ര ജല കമ്മീഷനെ വിയോജിപ്പ് അറിയിച്ചിരുന്നു. കേന്ദ്രം അത് പരിഗണിക്കുകയും കേരളത്തിന് പുതിയ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. അതനുസരിച്ച്, മുന്‍പ് ഒഡീഷ സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായും ചീഫ് എന്‍ജിനീയറായും പ്രവര്‍ത്തിച്ചിട്ടുള്ള അശുതോഷ് ദാഷിന്റെ പേരാണ് കേരളം നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രിയുമായും വകുപ്പുതലത്തിലും ആലോചിച്ച് നല്‍കിയ ഈ പേര് കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശബരിമലയിലേക്ക് ഉയര്‍ന്ന വിലയ്ക്ക് നെയ്യ് വാങ്ങി; വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്