ഗുരുവായൂരില്‍ യുവാവ് കൊലപാതക പദ്ധതിയോടെ പെണ്‍വേഷം ധരിച്ചെത്തി; പദ്ധതി തകര്‍ത്ത് പോലീസ്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കൊലപാതക പദ്ധതിയുമായി ചുറ്റിനടന്ന യുവാവിനെയും സംഘത്തെയും ഗുരുവായൂര്‍ ക്ഷേത്രം പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശികളായ മുട്ടം ചോളമറ്റത്തില്‍ പ്രസാദ് (43), മുട്ടം ഒറ്റപ്ലാക്കല്‍ ആദര്‍ശ് (23), മാത്തപ്പാറ തൈപ്പറമ്പില്‍ ബിനീഷ് (30), തൊട്ടുങ്കര തെങ്ങില്‍ ഷാഹിദ് അലി (24), മാനക്കാട് കാരക്കുന്നേല്‍ സ്റ്റീഫന്‍ (32) എന്നിവരെയാണ് ഗുരുവായൂര്‍ ക്ഷേത്രം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ പട്രോളിംഗിനിടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ത്രീവേഷത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രസാദിനെ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനുള്ള പദ്ധതികള്‍ വെളിപ്പെട്ടത്. തൃശൂരിലെ ഒരു സ്പായില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാനാണ് വന്നതെന്നാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. അതേസമയം, ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രസാദിന്റെ സംഘത്തിലെ മറ്റുള്ളവരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകശ്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
വിവാഹിതനായ പ്രസാദ് തൃശൂരിലെ ഒരു സ്പായില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലാവുകയും അവരോടൊപ്പം ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുകയും ചെയ്തു. പ്രസാദിന്റെ ഭാര്യ ഇക്കാര്യം അറിഞ്ഞതോടെ ആ യുവതി ബന്ധം അവസാനിപ്പിക്കുകയും മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും ചെയ്തു. ഇതിന് പ്രതികാരം ചെയ്യാനായി സുഹൃത്തുക്കളോടൊപ്പം ഗുരുവായൂരിലെത്തിയതായിരുന്നു പ്രസാദ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.