ഇന്‍സ്റ്റാഗ്രാമില്‍ ഇരുപത് ലക്ഷം ഫോളോവേഴ്സ്; ലോക റെക്കോര്‍ഡ് സ്വന്തമാക്കി കേരള പോലീസ്
തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ് ഇരുപത് ലക്ഷം (രണ്ട് ദശലക്ഷം) ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചു. ലോകമെമ്പാടുമുള്ള പോലീസ് സേനകളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണിത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് നിലവില്‍ 23 ലക്ഷം (2.3 ദശലക്ഷം) ഫോളോവേഴ്സ് ഉണ്ട്.
പൊതുജനങ്ങളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ സന്ദേശങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതെന്ന് കേരള പോലീസ് അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന ആശയവിനിമയ രീതികളുമായി പൊരുത്തപ്പെടാനും പൊതുജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകാനുമുള്ള കഴിവാണ് ഈ നേട്ടത്തിന് പ്രധാന കാരണമായതെന്ന് സേന വ്യക്തമാക്കി.