പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനിരയായി; പിതാവടക്കം ഏഴുപേര്‍ക്കെതിരെ വെളിപ്പെടുത്തല്‍
പത്തനംതിട്ട: പിതാവ് ഉള്‍പ്പെടെ ഏഴുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം തുടങ്ങി. മലയാലപ്പുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇര. പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സഹപാഠികളോട് വെളിപ്പെടുത്തി. തുടര്‍ന്ന് അധ്യാപകര്‍ 'ചൈല്‍ഡ് ലൈന്‍' മുഖേന മലയാലപ്പുഴ പോലീസിനെ വിവരം അറിയിച്ചു. അന്വേഷണത്തിനൊടുവില്‍ പോലീസ് പ്രദേശവാസികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ രണ്ടുപേരെ വിദേശത്തുനിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട ഒരാള്‍ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ മരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ചൈല്‍ഡ്ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെ ഏഴാം ക്ലാസ് മുതല്‍ താന്‍ പീഡനത്തിന് ഇരയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. വിവിധ സമയങ്ങളിലായി പലരും അവളെ പീഡിപ്പിച്ചിട്ടുണ്ട്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെ പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒരു കേസ് പെരിനാട് പോലീസ് അന്വേഷിച്ചുവരികയാണ്. പെണ്‍കുട്ടി അമ്മയ്ക്കൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്. അമ്മ ജോലിക്ക് പോകുന്ന സമയത്താണ് അവള്‍ പീഡനത്തിനിരയായത്. പോലീസ് വൈദ്യപരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.