1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VS Achuthanandan KT Thomas Padmavibhushan Awards

അഭിമാനനിറവിൽ കേരളം; വി.എസ് അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

VS Achuthanandan, KT Thomas, Padmavibhushan Awards, Kerala,Mammmootty, വി എസ് അച്ചുതാനന്ദൻ, കെ ടി തോമസ്, പത്മവിഭൂഷൺ, പത്മഭൂഷൺ,മമ്മൂട്ടി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം. മലയാളികളുടെ പ്രിയങ്കരനായ ജനനായകന്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ 'പത്മവിഭൂഷണ്‍' ലഭിച്ചു.  മരണാനന്തര ബഹുമതിയായാണ് വിഎസിന് പത്മവിഭൂഷണ്‍ സമ്മാനിക്കുക.മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ 'പത്മഭൂഷണ്‍' പുരസ്‌കാരത്തിനും അര്‍ഹരായി.
 
മലയാള സിനിമാ ലോകവും ആരാധകരും ഏറെക്കാലമായി ഉറ്റുനോക്കിയിരുന്ന പ്രഖ്യാപനമാണ് മമ്മൂട്ടിയുടെ പത്മഭൂഷണ്‍. 1998-ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിനുശേഷം ദശകങ്ങള്‍ പിന്നിട്ടിട്ടും, ഇന്ത്യന്‍ സിനിമയ്ക്ക് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയും മമ്മൂട്ടിക്ക് പത്മവിഭൂഷണ്‍ വൈകുന്നത്  പ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അഭിനയ മികവിലും സാമൂഹിക ഇടപെടലുകളിലും സജീവമായ മമ്മൂട്ടിക്ക് ലഭിച്ച ഈ അംഗീകാരം ഏറെ വൈകിയാണെങ്കിലും അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് കലാകേരളം വിലയിരുത്തുന്നത്.
 
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസ പുരുഷനായ വി.എസ്. അച്യുതാനന്ദനെ മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷണ്‍ തേടിയെത്തിയത്. ജനകീയ പോരാട്ടങ്ങളുടെയും വിപ്ലവാവേശത്തിന്റെയും പ്രതീകമായ വി.എസിന് രാജ്യം നല്‍കിയ ഏറ്റവും വലിയ ആദരമാണിത്. നീതിന്യായ രംഗത്തെ അതുല്യമായ സേവനങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസ് കെ.ടി. തോമസിനെ പത്മവിഭൂഷണായി തിരഞ്ഞെടുത്തത്.
 
സാമൂഹിക-സാമുദായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളി നടേശനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഇവരെക്കൂടാതെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ക്കും കേരളത്തില്‍ നിന്ന് അര്‍ഹരായിട്ടുണ്ട്.
 
ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരായ പി നാരായണന് പത്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കലാമണ്ഡലം വിമല മേനോനും കൊല്ലക്കല്‍ ദേവകിയമ്മയ്ക്കും പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. കേരളത്തിന് മൊത്തം 8 പത്മ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
 
അടുത്ത ലേഖനം
എം.ടി – പ്രമീള നായർ ബന്ധവും പുതിയ പുസ്തക വിവാദവും