Thiruvananthapuram|
രേണുക വേണു|
Last Modified വ്യാഴം, 24 ജൂലൈ 2025 (16:34 IST)
വി.എസ്.അച്യുതാനന്ദനെ യാത്രയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് ആരോഗ്യ പ്രശ്‌നങ്ങളെ വകവയ്ക്കാതെ. തിരുവനന്തപുരത്തെ എകെജി പഠന കേന്ദ്രത്തിലും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ പിണറായി അവിടെ ഉണ്ടായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് മൃതദേഹം ആലപ്പുഴയിലേക്ക് എത്തിച്ചപ്പോള്‍ പിണറായി അവിടെയും സാന്നിധ്യം അറിയിച്ചു. ആലപ്പുഴയില്‍ നടന്ന മൂന്ന് ചടങ്ങുകളിലും മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രി ജില്ലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധന്‍ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പിന്നീട് ആലപ്പുഴ കടപ്പുറത്ത് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന പൊതുദര്‍ശനത്തിലും വൈകിട്ട് രാത്രി ഒന്‍പത് മണിയോടുകൂടി വലിയ ചുടുകാട്ടില്‍ നടന്ന സംസ്‌കാര ചടങ്ങിലും പങ്കെടുത്ത് അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് സര്‍വ്വകക്ഷി അനുശോചന യോഗത്തിലും സംസാരിച്ചു.
ഇതിനിടെ വി.എസിന്റെ ഭൗതികദേഹം ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. ഇവിടെയും മുഖ്യമന്ത്രി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ജനത്തിരക്ക് നിയന്ത്രണവിധേയമായതോടെ ആ തീരുമാനം ഉപേക്ഷിച്ചു.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎസിലെ മയോ ക്ലിനിക്കില്‍ പിണറായി വിജയന്‍ ഈയടുത്ത് ചികിത്സ തേടിയിരുന്നു. ജൂലൈ അഞ്ചിനു ചികിത്സയുടെ ഭാഗമായി യുഎസില്‍ പോയ പിണറായി ജൂലൈ 15 നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. വിദഗ്ധ ചികിത്സ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വി.എസിന്റെ വിയോഗം.