മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു വിലയില്ല; ഒറ്റയ്ക്കു തീരുമാനിച്ച് സതീശൻ, നികുതി ഇളവ് ധനബില്ലിലും
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു എന്നിവർ നികുതി ഇളവിൽ എതിർപ്പ് അറിയിച്ചിരുന്നു
മുതിർന്ന നേതാക്കളായ കെ.സി.വേണുഗോപാലിനെയും വി.എം.സുധീരനെയും വിലയ്‌ക്കെടുക്കാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ. വിവാദമായ വീര്യംകുറഞ്ഞ മദ്യത്തിനു നികുതി കുറച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം നികുതി ബില്ലിൽ ഉൾപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 250 ശതമാനത്തിൽ നിന്ന് 120 ശതമാനമായി കുറച്ചുകൊണ്ടുള്ള നിർദ്ദേശമാണ് ധനബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു എന്നിവർ നികുതി ഇളവിൽ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് സതീശന്റെ ഒറ്റയാൾ തീരുമാനം. ധനബില്ലിൽ നികുതി നിർദേശം ഉൾപ്പെടുത്തരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മുന്നണിയിൽ വേണ്ടത്ര കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന ആക്ഷേപവും ഉയർന്നതാണ്. എന്നാൽ ഈ നിർദേശങ്ങളും വിമർശനങ്ങളും പൂർണമായി തള്ളിയാണ് സതീശൻ ഏകപക്ഷീയമായി മുന്നോട്ടുപോകുന്നത്.
0.5 മുതൽ 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120 ശതമാനം, 10-20 ശതമാനം വരെ വീര്യമുളളവയ്ക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന പ്രഖ്യാപിച്ചത്.