കണ്ണൂരിൽ രണ്ട് കുട്ടികൾക്കു ഷിഗെല്ല
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 110 ലേറെ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ മൊകേരി പഞ്ചായത്തിലാണ് നാലും എട്ടും വയസ്സുള്ള കുട്ടികൾക്കു ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. രോഗ ഉറവിടം വ്യക്തമല്ല. രോഗബാധിതരായ കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡാക്ടർമാർ അറിയിച്ചു.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 110 ലേറെ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇതേസമയത്ത് രോഗികളുടെ എണ്ണം 54 ആയിരുന്നു. കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് രണ്ട് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂരിൽ പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ 43 കാരന് ഷിഗെല്ല ബാധിച്ചതായി കണ്ടെത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരനും രോഗം ബാധിച്ച് മരിച്ചിരുന്നു.