1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Temperature in kerala on rise Heatwave alert

കേരളത്തിൽ ഇത്തവണയും വേനൽ കടുക്കും, ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി തൊടും

കണ്ണൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

Heat Stroke, Kerala Weather, Heat Alert
കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഇത്തവണയും സംസ്ഥാനത്ത് വേനല്‍ കടുക്കും. അള്‍ട്രാവയലറ്റ് (യുവി) സൂചിക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
 
കണ്ണൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കാസര്‍ഗോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തിയേക്കും. ജനുവരി അവസാന വാരത്തില്‍ കണ്ണൂരില്‍ 36.6 ഡിഗ്രിയും കോട്ടയത്ത് 36.5 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു.
 
പാലക്കാട് ജില്ലയില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലകളില്‍ ഒന്നാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 38 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുള്ള ജില്ലയില്‍ ഫെബ്രുവരി അവസാനത്തോടെ താപനില 40 ഡിഗ്രിയിലേക്ക് ഉയരും. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 25നാണ് താപനില 40 ഡിഗ്രി കടന്നത്, ഇത്തവണ അതിലും നേരത്തെ 40 ഡിഗ്രി കടന്നേക്കും.
 
2024 ജൂലൈയില്‍ അവസാനിച്ച എല്‍ നിനോ പ്രതിഭാസത്തിന്റെ തുടര്‍ച്ചിതന്നെയാണ് നിലവിലെ അസാധാരണ ചൂടിന് പ്രധാന കാരണം. സൂര്യന്റെ ഉത്തരായന ചലനവും (കര്‍ക്കടക ക്രാന്തിവൃത്തത്തില്‍ സൂര്യന്‍ നേരിട്ട് തലയ്ക്ക് മുകളിലെത്തുമ്പോള്‍) കേരളത്തിലെ താപനില വര്‍ദ്ധനയ്ക്ക് കാരണമാകുന്നു.
 
സൂര്യാഘാതമേല്‍ക്കാതിരിക്കാനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കാതിരിക്കാനും പ്രത്യേക ജാഗ്രത വേണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ധാരാളം ദ്രാവകങ്ങള്‍ കുടിക്കണം. ദിവസത്തിലെ ഏറ്റവും ചൂടുള്ള സമയത്ത് കഠിനമായ ബാഹ്യ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതല്‍ ഉപയോഗിക്കണം എന്നിവ നിര്‍ദേശങ്ങളില്‍ ചിലതാണ്.
 
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍
 
• രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക
 
• പുറംതൊഴിലാളികളും കര്‍ഷകരും അതിരാവിലെയും വൈകുന്നേരവും മാത്രം ജോലി ചെയ്യുക
 
• ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
 
• ഇളം നിറമുള്ള, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
 
• പുറത്തിറങ്ങുമ്പോള്‍ കുടകളും തൊപ്പികളും സണ്‍ഗ്ലാസുകളും ഉപയോഗിക്കുക
 
• ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും സാലഡുകളും ഉള്‍പ്പെടുത്തുക
 
 
അടുത്ത ലേഖനം
ടോയ്ലറ്റ് പേപ്പറിനേക്കാള്‍ മോശമായ രീതിയില്‍ പാകിസ്ഥാനെ ഉപയോഗിച്ച് യുഎസ് വലിച്ചെറിഞ്ഞു: ഖ്വാജ ആസിഫ്