അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജനുവരി 2026 (09:04 IST)
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട കിഴക്കന്‍ കാറ്റ് രൂപപ്പെട്ടത്തോടെ നാളെ മുതല്‍ അന്തരീക്ഷ സാഹചര്യങ്ങളില്‍ മാറ്റം വരുമെന്നും ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തിങ്കളാഴ്ച മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത.അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ അധിക ജാഗ്രത പുലര്‍ത്തണം.
ഇടിമിന്നല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കണം. ശക്തമായ കാറ്റും മിന്നലും ഉള്ള സമയങ്ങളില്‍ വാതിലുകള്‍ക്കും ജനാലകള്‍ക്കും സമീപം നില്‍ക്കരുത്. വൈദ്യുതോപകരണങ്ങള്‍ അണ്‍പ്ലഗ് ചെയ്യുകയും, മരങ്ങള്‍ക്കടിയില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. കുട്ടികള്‍ മഴക്കാലത്ത് തുറസ്സായ ഇടങ്ങളിലോ ടെറസുകളിലോ കളിക്കുന്നത് ഒഴിവാക്കണം.
കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.