ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു
കോഴിക്കോട്: ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 18 വയസ്സുകാരന് വൈദ്യുതാഘാതമേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിനാന്‍ കാലുതെറ്റി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിനാനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിനാന്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.