അനുബന്ധ വാര്ത്തകള്
- കെ കെ രമയ്ക്ക് മന്ത്രിസ്ഥാനമോ? സ്വീകരിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം, ആർ എം പി ഐ നിലപാട് നിർണായകം
- പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും
- Ramesh Chennithala: 'ഞാൻ എന്നും അവഗണിക്കപ്പെട്ടവൻ'; സോണിയയ്ക്കു മുന്നിൽ പരിഭവം പറയാൻ ചെന്നിത്തല
- പോലീസ് ഓന്തിനെ പോലെ നിറം മാറുന്ന കാഴ്ചയാണ്; പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി
- Breaking News: കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകും; എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചു
പിടിമുറുക്കി കെ.സി.വേണുഗോപാൽ, അണികളുടെ പിന്തുണയിൽ സതീശൻ; സോണിയയോടു അപേക്ഷിക്കും ചെന്നിത്തല !
ജയിച്ചുവന്ന കോൺഗ്രസ് സ്ഥാനാർഥികളിൽ 40 ലേറെ പേരുടെ പിന്തുണ വേണുഗോപാലിനുണ്ട്
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള തർക്കം പരസ്യ പോരിലേക്ക്. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നത്. എംഎൽഎമാരുടെ പിന്തുണയാണ് വേണുഗോപാലിന്റെ ശക്തി. ഹൈക്കമാൻഡിലുള്ള സ്വാധീനവും വേണുഗോപാലിനു കാര്യങ്ങൾ എളുപ്പമാക്കും.
ജയിച്ചുവന്ന കോൺഗ്രസ് സ്ഥാനാർഥികളിൽ 40 ലേറെ പേരുടെ പിന്തുണ വേണുഗോപാലിനുണ്ട്. മാത്രമല്ല പുറത്തുനിൽക്കുന്ന കെ.സുധാകരൻ, എ.കെ.ആന്റണി എന്നീ മുതിർന്ന നേതാക്കളുടെ പിന്തുണ വേണുഗോപാൽ ഉറപ്പിക്കുകയും ചെയ്തു. തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന കാര്യം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് വേണുഗോപാലിനു അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.
മറുവശത്ത് എംഎൽഎമാരുടെ പിന്തുണയിൽ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും പിന്നിലാണ്. എന്നാൽ സതീശനു കോൺഗ്രസ് പ്രവർത്തകരുടെ വലിയ പിന്തുണയുണ്ട്. പ്രൊഫഷണൽ കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കു ഈമെയിൽ അയയ്ക്കാൻ ആഹ്വാനം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനു ഏറ്റവും അർഹൻ സതീശനാണെന്നും എംപിമാരെ രാജിവെപ്പിച്ച് മുഖ്യമന്ത്രിയാക്കുന്നത് ശരിയല്ലെന്നും ഈ സന്ദേശത്തിൽ പറയുന്നുണ്ട്. നിലവിൽ എംപിയായ കെ.സി.വേണുഗോപാലിനു കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചേക്കുമെന്ന വാർത്തകൾ വരുന്നതിനു പിന്നാലെയാണ് പ്രൊഫഷണൽ കോൺഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഈ ആഹ്വാനമെന്നതും ശ്രദ്ധേയമാണ്.
വേണുഗോപാൽ മുഖ്യമന്ത്രിയാകുകയാണെങ്കിൽ ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു എംഎൽഎയാകണം. ഇത് കോൺഗ്രസിന്റെ ക്രെഡിബിലിറ്റിയെ ബാധിച്ചേക്കുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. പ്രവർത്തകർക്കിടയിലും കെ.സിയേക്കാൾ യോഗ്യൻ വി.ഡി ആണെന്ന വികാരമാണുള്ളത്.
അതേസമയം എംഎൽഎമാരുടെ പിന്തുണയിൽ പിന്നിലുള്ള ചെന്നിത്തല സോണിയ ഗാന്ധിയെ നേരിട്ടു കണ്ട് പരിഭവം പറഞ്ഞു. പത്ത് മിനിറ്റായിരുന്നു കൂടിക്കാഴ്ച. 2021 ൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടും തന്നെ പ്രതിപക്ഷ നേതാവ് ആക്കിയില്ല. 2011 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ലെയിം ചെയ്യാമായിരുന്നിട്ടും താനാണ് ഉമ്മൻചാണ്ടിയുടെ പേര് നിർദേശിച്ചത്. പലവട്ടം അവഗണിക്കപ്പെട്ട തന്നെ ഇത്തവണ അർഹമായ രീതിയിൽ പരിഗണിക്കണമെന്ന് ചെന്നിത്തല സോണിയയോടു പറഞഞു. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ തന്റെ വിശ്വസ്തനായ അൻവർ സാദത്തിനു സുപ്രധാന വകുപ്പ് വേണമെന്ന ഉപാധിയും ചെന്നിത്തല മുന്നോട്ടുവയ്ക്കാനാണ് സാധ്യത.