Sanju Samson: സച്ചിൻ സാറുമായി നിരന്തരം ബന്ധപ്പെട്ടു, ഫൈനലിനു മുൻപും വിളിച്ചു; വെളിപ്പെടുത്തി സഞ്ജു
മോശം ഫോമിൽ നിന്ന് തിരിച്ചെത്തി പ്ലേയിങ് ഇലവനിൽ നിർണായക സ്വാധീനമാകുന്നതിലേക്ക് തന്നെ നയിച്ചവരിൽ മുൻ താരങ്ങളുടെ പ്രചോദനം ഉണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി
Sachin Tendulkar and Sanju Samson
Sanju Samson: ബെഞ്ചിൽ നിന്ന് നെഞ്ചിലേക്ക്..! ട്വന്റി 20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ ടൂർണമെന്റിലെ താരമാകുമ്പോൾ ഇതിൽപരം മറ്റൊരു വിശേഷണം അർഹിക്കുന്നില്ല. അഭിഷേക് ശർമയും ഇഷാൻ കിഷനും ഓപ്പണർമാരായി തുടരുമെന്ന് ഉറപ്പിച്ചാണ് സഞ്ജു ലോകകപ്പിനായി എത്തുന്നത്. സ്ഥാനം ബെഞ്ചിലായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു.
മോശം ഫോമിൽ നിന്ന് തിരിച്ചെത്തി പ്ലേയിങ് ഇലവനിൽ നിർണായക സ്വാധീനമാകുന്നതിലേക്ക് തന്നെ നയിച്ചവരിൽ മുൻ താരങ്ങളുടെ പ്രചോദനം ഉണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെൻഡുൽക്കർ ഇക്കാലയളവിൽ തനിക്കു വലിയ പ്രോത്സാഹനവും കരുത്തും പകർന്നെന്ന് സഞ്ജു പറഞ്ഞു.
' ഞാൻ സച്ചിൻ സാറുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഞാൻ പുറത്തിരിക്കുന്ന സമയം, ഒരു കളി പോലും ഞാൻ ഇറങ്ങിയിട്ടില്ല. എന്ത് മനോനിലയായിരിക്കണം എനിക്ക് ഉണ്ടാകേണ്ടത് എന്ന് ഞാൻ ചിന്തിച്ചു. ഈ സമയത്ത് ഞാൻ സച്ചിൻ സാറുമായി ബന്ധപ്പെട്ടു, ദീർഘമായ സംസാരങ്ങൾ ഉണ്ടായി. ഫൈനലിനു തലേന്നും അദ്ദേഹം എന്നെ വിളിച്ചു, എന്റെ മാനസികാവസ്ഥ എങ്ങനെയെന്ന് സച്ചിൻ സാർ അന്വേഷിച്ചു. അദ്ദേഹത്തെ പോലൊരു സാറിൽ നിന്ന് മാർഗനിർദേശം ലഭിച്ചാൽ അതിൽ കൂടുതൽ എന്ത് വേണം,' ഫൈനലിനു ശേഷം സഞ്ജു പറഞ്ഞു.