ദുരിതബാധിതർക്ക് സതീശൻ സർക്കാരിന്റെ അവഗണന; അടിയന്തര ധനസഹായം ഇതുവരെ ലഭിച്ചില്ല
സംസ്ഥാനത്തെ പ്രളയദുരിത ബാധിതർക്കായുള്ള അടിയന്തര ധനസഹായം ഇതുവരെ നൽകാതെ സതീശൻ സർക്കാർ. പ്രളയമുണ്ടായിട്ട് രണ്ട് മാസം ആകാൻ പോകുകയാണ്. എന്നാൽ ഇതുവരെ സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ ദുരിതബാധിതരുടെ കൈയിൽ എത്തിയിട്ടില്ല.
ഓഗസ്റ്റ് ഒന്നിനാണ് കേരളത്തിൽ പ്രളയസമാനമായ സാഹചര്യമുണ്ടാകുന്നത്. ഓഗസ്റ്റ് 16 നാണ് സംസ്ഥാനത്തെ അവസാന ദുരിതാശ്വാസ ക്യാംപും പിരിച്ചുവിട്ടത്. പ്രളയമുണ്ടായിട്ട് ഒന്നരമാസം കഴിഞ്ഞു. ദുരിതാശ്വാസ ക്യാംപുകൾ പൂർത്തിയായിട്ട് ഒരു മാസവും. എന്നാൽ അടിയന്തര ധനസഹായം മാത്രം ഇതുവരെ എത്തിയിട്ടില്ല.
ഒരാഴ്ചയ്ക്കുള്ളിൽ ധനസഹായം വിതരണം ചെയ്യുമെന്നാണ് സെപ്റ്റംബർ രണ്ടിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അത് പറഞ്ഞിട്ട് രണ്ടാഴ്ച പൂർത്തിയായി. ഇപ്പോഴും ധനസഹായം വാക്കുകളിൽ മാത്രം.
അനർഹരായവരെ കണ്ടെത്താൻ വേണ്ടിയാണ് ഇത്രയും വൈകുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ക്യാംപുകൾ പൂർത്തിയായിട്ട് ഒരു മാസം കഴിഞ്ഞിട്ടും അർഹരുടെ പട്ടിക തയ്യാറാക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല.
