മുഖ്യമന്ത്രിയും വകുപ്പും തമ്മിൽ അടി; പവർകട്ടിൽ തീരുമാനമായില്ല
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമ്പോൾ അനങ്ങാപ്പാറയായി സർക്കാർ. പവർകട്ട് ഇല്ലാതാക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ചൂട് തുടരുന്നതിനാൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് അറിയിക്കുന്നു.
വകുപ്പും മുഖ്യമന്ത്രിയും തമ്മിൽ ഭിന്നത
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് മുഖ്യമന്ത്രി വി.ഡി.സതീശൻ അനാവശ്യമായി തന്റെ വകുപ്പിൽ ഇടപെടുന്നതിൽ അതൃപ്തിയുണ്ട്. വകുപ്പ് മന്ത്രിയെ വിളിക്കാതെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ യോഗം വിളിച്ചതാണ് പ്രധാന കാരണം.
എവിടെ നിന്ന് വൈദ്യുതി വാങ്ങും?
നാഷണൽ തെർമൽ പവർ കോർപറേഷനിൽ (എൻടിപിസി) നിന്ന് വൈദ്യുതി വാങ്ങുമെന്നായിരുന്നു ആദ്യം സർക്കാർ പറഞ്ഞത്. എന്നാൽ കമീഷനടിക്കാൻ അവസരമില്ലെന്നുകണ്ട് ഈ നീക്കം സർക്കാർ ഉപേക്ഷിച്ചു. പിന്നീട് കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽനിന്ന് കുറഞ്ഞവിലയ്ക്ക് വൈദ്യുതി നൽകാമെന്ന് പറഞ്ഞിട്ടും സതീശൻ തയ്യാറായില്ല. കെ സി വേണുഗോപാൽ ഇടപെട്ടാൽ വൈദ്യുതി കിട്ടാൻ വഴിയൊരുങ്ങുമെന്ന് വേണുഗോപാൽ അനുകൂലികൾ പറയുന്നു. എന്നാൽ, വേണുഗോപാലിന്റെ സഹായംകൊണ്ട് വൈദ്യുതി വേണ്ടെന്നാണ് സതീശന്റെ നിലപാട്.
