'മഴ പെയ്തിട്ടും കാര്യമില്ല'; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
വൈദ്യുതി പ്രതിസന്ധിയിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്താത്തതാണ് ഇപ്പോഴത്തെ പവർകട്ടിനു കാരണം
വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാത്തതിനാൽ സംസ്ഥാനത്ത് പവർകട്ട് തുടരാൻ സർക്കാർ. ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിലെല്ലാം വൈദ്യുതി നിയന്ത്രണം ആകാമെന്നാണ് സർക്കാർ കെ.എസ്.ഇ.ബിക്ക് നൽകിയിരിക്കുന്ന നിർദേശം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഉപഭോഗം കുതിക്കുകയും പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരിക്കുകയും ചെയ്താൽ പവർകട്ട് തുടരുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
കൂടുതൽ വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ നടപടികൾ തുടരുകയാണ്. സെപ്റ്റംബറിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ഒരു കരാറും ഇതുവരെ ധാരണയായിട്ടില്ല. അതിനാൽ രണ്ട് മാസത്തേക്ക് കൂടി വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരും. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (സെക്കി) നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിന് കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുപ്രകാരമുള്ള വൈദ്യുതി വിതരണം 2028 ഏപ്രിൽ മുതലാണ് നിലവിൽ വരിക.
വൈദ്യുതി പ്രതിസന്ധിയിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്താത്തതാണ് ഇപ്പോഴത്തെ പവർകട്ടിനു കാരണം. മഴ കുറഞ്ഞതാണ് പവർകട്ടിനു കാരണമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ന്യായീകരണം.