Plus One Admissions: പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് മുതൽ, എന്തെല്ലാം രേഖകൾ ഹാജരാക്കണം, അറിയാം
ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഏകജാലക പ്രവേശന സംവിധാനമായ HSCAP മുഖേനയാണ് പ്രവേശനം നടക്കുക. ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. 4,10,456 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതി ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഇത്തവണ 3,60,844 സീറ്റുകളാണ് പ്ലസ് വണ്ണില്‍ ലഭ്യമായിട്ടുള്ളത്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി, അലോട്ട്‌മെന്റ് സമയക്രമം എന്നിവ വിദ്യഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തില്‍ അലോട്ട്‌മെന്റ് നടപടികള്‍ പരിശോധിച്ച ശേഷമാകും അധിക സീറ്റുകള്‍ അനുവദിക്കുക.
എന്തെല്ലാം രേഖകള്‍ നല്‍കണം
എസ്എസ്എല്‍സി ബുക്ക്, മാര്‍ക്ക് ലിസ്റ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (TC), സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, നേറ്റിവിറ്റി രേഖകള്‍ തുടങ്ങിയവയാണ് നിലവില്‍ ആവശ്യമായിട്ടുള്ളത്. സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ക്കായി എസ്സി, എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമാണ്.
വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അധിക സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യം ഒഴിവാക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരില്‍ ഒരാളുടെ എസ്എസ്എല്‍സി രേഖ ജാതി തെളിവായി പരിഗണിക്കും.
കേരളത്തില്‍ ജനിച്ച വിദ്യാര്‍ഥികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ സംസ്ഥാനത്ത് അഞ്ച് വര്‍ഷം പഠിച്ചതിന്റെ രേഖയോ സമര്‍പ്പിച്ചാല്‍ നേറ്റിവിറ്റി തെളിയിക്കാം. ചില രേഖകള്‍ ലഭിക്കാന്‍ വൈകുന്ന സാഹചര്യമുണ്ടെങ്കില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പിന്നീട് ഹാജരാക്കുന്നതിനും അനുമതിയുണ്ട്.പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്.
അതേസമയം, പ്രവേശന നടപടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും HSCAP ഔദ്യോഗിക പോര്‍ട്ടലില്‍ ലഭ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അലോട്ട്‌മെന്റും പ്രവേശന സമയക്രമവും വിദ്യാര്‍ഥികള്‍ നിരന്തരം പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.