സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ നാളെ മുതൽ; പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച : 'നമ്മുടെ കേരളം' ആപ്പിലും ഫലം അറിയാം
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി നിലവില്‍ ആകെ 3,61,044 സീറ്റുകളാണുള്ളത്.
കേരളത്തില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. നാളെ രാവിലെ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കും. അതേസമയം, വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും.
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി നിലവില്‍ ആകെ 3,61,044 സീറ്റുകളാണുള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി (VHSE) സ്‌കൂളുകളിലായി 33,000 സീറ്റുകളും ലഭ്യമാണ്. ഇതിന് പുറമെ ഉപരിപഠനത്തിനായി പോളിടെക്‌നിക്കുകളിലും ഐടിഐകളിലുമായി 30,545 സീറ്റുകള്‍ വേറെയുമുണ്ട്. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
പ്ലസ് ടു ഫലം ചൊവ്വാഴ്ച; വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി ആര്‍ ഡി ചേംബറില്‍ വെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ആണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ പരീക്ഷാഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ആപ്പ് വഴി ഫലമറിയാം
എസ്എസ്എല്‍സി പരീക്ഷാ ഫലം ലഭ്യമാക്കിയതുപോലെ, പ്ലസ് ടു ഫലവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ 'നമ്മുടെ കേരളം' ആപ്പിലൂടെ പരിശോധിക്കാന്‍ സാധിക്കും. ഫലപ്രഖ്യാപന സമയത്ത് വെബ്സൈറ്റുകളില്‍ ഉണ്ടാകാറുള്ള അമിതമായ തിരക്കും കാലതാമസവും പൂര്‍ണ്ണമായി ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴിയുള്ള സംവിധാനത്തിലൂടെ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ സുരക്ഷിതമായി ഫലം അറിയാനാകും.
വിജ്ഞാപനം പുറത്തുവരുന്നതോടെ ഏകജാലകം വഴിയുള്ള അപേക്ഷാ സമര്‍പ്പണത്തിന്റെ വിശദമായ സമയക്രമം ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭ്യമാകും.