'അത്ഭുതങ്ങളൊന്നും ഇല്ല'; പവർകട്ട് ഒരുമണിക്കൂറിലേറെ, തുടരും 'സ്‌ട്രോക്ക്'
സംസ്ഥാനത്ത് പവർകട്ട് ഒരുമണിക്കൂറിലേറെ തുടരും. രണ്ട് തവണകളിലായി വൈകിട്ട് 6.30 നും രാത്രി 12.30 നും ഇടയിലാകും വൈദ്യുതി നിയന്ത്രണം. പ്രതിസന്ധി ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇരുട്ടിലാകും ഒന്നിലേറെ തവണ
വൈകിട്ട് 6.30 നും രാത്രി 12.30 നും ഇടയിലായാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ഈ മാസം മുഴുവൻ പവർകട്ട് ഉണ്ടായിരിക്കും. മഴ കുറഞ്ഞാൽ ഒക്ടോബറിലും പവർകട്ട് തുടരും.
കൂടുതൽ നിരക്കിൽ വൈദ്യുതി
യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എൻടിപിസിയുടെ രത്നഗിരി പവർപ്ലാന്റിൽ നിന്ന് 300 മെഗാ വാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം നടക്കുന്നത്. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും പ്രതിസന്ധി പരിഹരിക്കുക എന്നാണ് നിലവിലെ ലക്ഷ്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് ഇന്നലെ പ്രതികരിച്ചത്.
വൈദ്യുതി ബില്ലും ഉയരും
അധിക തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയരാനും സാധ്യതയേറി. വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. അതുകൂടാതെ പീക്ക് ടൈമിലെ വൈദ്യുതിക്ക് കൂടുതൽ നിരക്ക് ഏർപ്പെടുത്തുന്നതോടെ സാധാരണക്കാർക്ക് ഇരുട്ടടിയാകും.
