1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nilambur Byelection M Swaraj PV Anvar

Nilambur Byelection 2025: ഷൗക്കത്തിനോടു എതിര്‍പ്പുള്ള ലീഗ് വോട്ടുകള്‍ അന്‍വറിലേക്ക് പോയേക്കാം, ഗുണം സ്വരാജിന്; 'വിറച്ച്' യുഡിഎഫ് ക്യാംപ്

മുസ്ലിം ലീഗുകാര്‍ക്കിടയില്‍ എം.സ്വരാജ് സ്വീകാര്യനായ നേതാവാണ്

M Swaraj, Aryadan Shoukath, M Swaraj has muslim leagues support, Nilambur Election, Nilambur By Election 2025, M Swaraj vs Aryadan Shoukath, എം.സ്വരാജ്, പി.വി.അന്‍വര്‍
M Swaraj and PV Anvar

Nilambur Byelection 2025: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് എത്തിയതിനു പിന്നാലെ പി.വി.അന്‍വര്‍ കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് യുഡിഎഫ് ക്യാംപില്‍ ആശങ്ക സൃഷ്ടിക്കുന്നു. അന്‍വറിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തേണ്ടതിനു പകരം കൂടുതല്‍ പ്രകോപിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍. 
 
മുസ്ലിം ലീഗുകാര്‍ക്കിടയില്‍ എം.സ്വരാജ് സ്വീകാര്യനായ നേതാവാണ്. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ തക്കവിധം മണ്ഡലത്തില്‍ ജനകീയനായ സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്ന സമയത്താണ് അപ്രതീക്ഷിതമായി പി.വി.അന്‍വറിന്റെ എന്‍ട്രി. ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാടുകളോടു വിയോജിപ്പുള്ള ലീഗ് അണികളുടെ വോട്ട് അന്‍വര്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനായിരിക്കും കൂടുതല്‍ തിരിച്ചടിയാകുകയെന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതൃത്വങ്ങള്‍ ഭയപ്പെടുന്നു. 
 
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ മുസ്ലിം ലീഗില്‍ അതൃപ്തിയുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ജയസാധ്യതയുണ്ടെന്ന് മനസിലാക്കിയ സിപിഎം തുടക്കം മുതലേ എം.സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സ്വരാജുമായി സംസാരിക്കുകയും മത്സരിക്കാന്‍ തയ്യാറെടുക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. 
 
ആര്യാടന്‍ കുടുംബത്തോടു നിലമ്പൂരിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്കു അടക്കം കടുത്ത വിയോജിപ്പുണ്ട്. ലീഗ് അണികള്‍ക്കിടയിലും ഈ അതൃപ്തി രൂക്ഷമാണ്. ഇത് മനസിലാക്കിയ നിലമ്പൂരിലെ സിപിഎം നേതൃത്വം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഷൗക്കത്തിനോടു അതൃപ്തിയുള്ള ലീഗ് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ഏകീകരിക്കാന്‍ കഴിവുള്ള സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയസാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തി. സ്വരാജ് മത്സരിക്കുന്നതിനോടു മുഖ്യമന്ത്രി പിണറായി വിജയനും താല്‍പര്യം അറിയിച്ചു. തുടര്‍ന്നാണ് സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സ്വരാജ് മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചാല്‍ യുഡിഎഫിന്റെ വിജയസാധ്യത കുറയും. പി.വി.അന്‍വര്‍ കൂടി വിഘടിച്ചു നില്‍ക്കുമ്പോള്‍ അതിനുള്ള സാധ്യതകള്‍ കൂടുതലാണെന്നും യുഡിഎഫ് ക്യാംപ് ആശങ്കപ്പെടുന്നു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി