ജൂൺ 15 നും ഇല്ല; കെ.എസ്.ആർ.ടി.സി സൗജന്യയാത്രയിൽ അനിശ്ചിതത്വം
പദ്ധതിയുമായി ബന്ധപ്പെട്ട് ചില ഘടകങ്ങൾ തടസമായി നിൽക്കുന്നുണ്ട്. അതുകൊണ്ടാണ് പദ്ധതി നീട്ടാൻ ആലോചിക്കുന്നത്
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്നതിൽ അനിശ്ചിതത്വം. ജൂൺ 15 നു പദ്ധതിക്കു തുടക്കമാകുമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചിരുന്നത്. എന്നാൽ ഇത് ഓഗസ്റ്റ് 15 ലേക്കു നീട്ടുമെന്നാണ് പുതിയ റിപ്പോർട്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് ചില ഘടകങ്ങൾ തടസമായി നിൽക്കുന്നുണ്ട്. അതുകൊണ്ടാണ് പദ്ധതി നീട്ടാൻ ആലോചിക്കുന്നത്. ജൂൺ 15ന് സംസ്ഥാനതലത്തിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിനു പകരം ഒരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത പ്രധാന റൂട്ടുകൾ മാത്രം ഉൾപ്പെടുത്തി ഏകദേശം 14 ടെസ്റ്റ് റൂട്ടുകളിൽ നടപ്പിലാക്കി നോക്കാനാണ് ഇപ്പോൾ ആലോചന.
ഈ പദ്ധതി നടപ്പിലാക്കിയാൽ കെ.എസ്.ആർ.ടി.സിക്കു പ്രതിമാസം 120 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.