ട്രെയിനില്‍ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് ഓടുന്ന ട്രെയിനില്‍ വെച്ച് ആറ് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. കേരളത്തിലേക്കുള്ള തീര്‍ത്ഥാടന യാത്രയ്ക്കിടെയാണ് തമിഴ് കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിലെ പ്രതിയായ കൊല്ലം സ്വദേശി സാനിഷിനെ (40) പുനലൂര്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചെ 1:30 ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയില്‍ ഓടുന്ന പാലരുവി എക്‌സ്പ്രസില്‍ എടത്വ പള്ളിയില്‍ നിന്ന് തെങ്കാശിയിലേക്ക് കുട്ടി മടങ്ങുന്നതിനിടെയാണ് സംഭവം. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ മുത്തച്ഛനോടൊപ്പം തറയില്‍ ഉറങ്ങുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്ന കുട്ടിയെ ആരും കാണാതെ സ്വന്തം സീറ്റിലേക്ക് കൊണ്ടുപോയി പ്രതി സാനിഷ് പീഡിപ്പിച്ചു. അടുത്തിരുന്ന സ്ത്രീ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിനെ അറിയിച്ചു.
പ്രതി രക്ഷപ്പെടുന്നത് തടയാന്‍ യാത്രക്കാരി ഉടനടി ഇടപെട്ടു. തുടര്‍ന്ന് അടുത്ത സ്റ്റേഷനായ ആര്യങ്കാവില്‍ വെച്ച് റെയില്‍വേ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ കൂടി സനിഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.