Kerala Weather: വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യത; പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
കേരളത്തിൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത
Kerala Weather: വടക്കൻ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യത. നേരത്തെ ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലർട്ട്) പുറപ്പെടുവിച്ചിരുന്ന കണ്ണൂരും കാസർഗോഡും മുന്നറിയിപ്പ് പുതുക്കി ഓറഞ്ച് ആക്കി. ഈ രണ്ട് ജില്ലകളിലും അതിശക്തമായ മഴ ലഭിച്ചേക്കാം. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടായതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു.
കേരളത്തിൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ജൂലൈ 19 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരും.