Kerala Weather, Dams Water Level: ഡാമുകൾ തുറക്കുന്നു, അതീവ ജാഗ്രത
വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ വെള്ളം പുറത്തേക്ക് ഒഴുക്കികളയാനുള്ള നടപടികൾ സ്വീകരിക്കുന്നു
Kerala Weather
Kerala Weather: സംസ്ഥാനത്ത് മിന്നൽ പ്രളയം. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സ്ഥിതി രൂക്ഷം. മലയോര മേഖലകളിൽ അതിതീവ്ര മഴയെ തുടർന്ന് ജലനിരപ്പ് ശക്തമായി ഉയർന്നു. റാന്നി ടൗൺ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ വെള്ളം പുറത്തേക്ക് ഒഴുക്കികളയാനുള്ള നടപടികൾ സ്വീകരിക്കുന്നു.
നെയ്യാർ
നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില കഴിഞ്ഞതിനാൽ ഡാമിന്റെ 4 ഷട്ടറുകളും 20 സെന്റിമീറ്റർ വീതം (ആകെ 80 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
അരുവിക്കര
അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 40 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
മംഗലം ഡാം
പാലക്കാട് ജില്ലയിലും മഴ ശക്തം. മംഗലം ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ എപ്പോൾ വേണമെങ്കിലും ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കാം.
ഇന്ന് റെഡ് അലർട്ട്
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട്. Breaking News: Kerala Weather Live Updates: സംസ്ഥാനത്ത് അതിശക്തമായ മഴ, പത്തനംതിട്ടയിൽ പ്രളയസമാനം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്