അനുബന്ധ വാര്ത്തകള്
- യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും അവരുടെ വകുപ്പുകളും
- വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി
- ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം
- അനിൽകുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതിയെന്ന് സൂചന: വകുപ്പ് വിഭജനം പൂർത്തിയായി, പട്ടിക ഗവർണർക്ക് കൈമാറി
- വി.ഡി.സതീശൻ പെട്ടന്ന് 'മേനോൻ' സതീശനായി; സമൂഹമാധ്യമങ്ങളിൽ ട്രോൾ
എഴുന്നേറ്റ് വന്ന് സുധാകരൻ, അഭിവാദ്യം ചെയ്ത് ഗോവിന്ദനും കുഞ്ഞികൃഷ്ണനും; വിമതർ നിറഞ്ഞുനിന്ന സത്യപ്രതിജ്ഞ
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ
TK Govindan
16-ാം നിയമസഭയിലേക്കുള്ള എംഎഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒൻപതിനു ആരംഭിച്ച സത്യപ്രതിജ്ഞ മൂന്ന് മണിക്കൂറിലേറെ നീണ്ടു. ഉച്ചയോടെ എല്ലാവരും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും.
സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം സത്യവാചകം ചൊല്ലിയത് ഫിഷറീസ് മന്ത്രി കൂടിയായ വി.ഇ.അബ്ദുൾ ഗഫൂർ. പാറക്കൽ അബ്ദുള്ള രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു. കെ.എം.അഭിജിത്തിന്റേതായിരുന്നു മൂന്നാം ഊഴം. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയാണ് അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രോ ടേം സ്പീക്കർ
സിപിഎം വിട്ട് യുഡിഎഫിലെത്തുകയും അമ്പലപ്പുഴയിൽ വിജയക്കൊടി പാറിക്കുകയും ചെയ്ത ജി.സുധാകരൻ ആയിരുന്നു പ്രോ ടേം സ്പീക്കർ. സുധാകരന്റെ മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ സുധാകരൻ പ്രോ ടേം സ്പീക്കറുടെ കസേരയിൽ നിന്ന് എഴുന്നേറ്റു. ചിരിയോടു കൂടി കൈ കൂപ്പി അഭിവാദ്യം ചെയ്യുകയും പിണറായിയോടു കുശലം പറയുകയും ചെയ്തു. പിണറായി സുധാകരന്റെ തോളിൽ തട്ടി ചിരിക്കുകയും ചെയ്തു.
പിണറായിയെ അഭിവാദ്യം ചെയ്ത് ഗോവിന്ദനും കുഞ്ഞികൃഷ്ണനും
സിപിഎം വിട്ട് യുഡിഎഫിൽ മത്സരിച്ചു ജയിച്ച തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ സത്യപ്രതിജ്ഞയ്ക്കു മുൻപ് പ്രതിപക്ഷ ബ്ലോക്കിൽ പോയി പിണറായി വിജയനെ അഭിവാദ്യം ചെയ്തു. പിണറായി തിരിച്ചും അഭിവാദ്യം ചെയ്തു. പയ്യന്നൂരിൽ ജയിച്ച വി.കുഞ്ഞികൃഷ്ണനും പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.
സ്പീക്കർ തിരഞ്ഞെടുപ്പ്
എംഎൽഎമാരുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ രാവിലെ ഒൻപതിനു നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. എ.സി.മൊയ്തീൻ എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. 23 മുതൽ 28 വരെ സഭ ചേരില്ല. 29 നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ് ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്.