പിണറായിക്ക് പ്രതിരോധം, ഗോവിന്ദന് രൂക്ഷ വിമർശനം; നേതൃമാറ്റത്തിലേക്ക് സിപിഎം
സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി നേതൃത്വത്തിന് രൂക്ഷ വിമർശനം. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നിഷ്ടം കാണിച്ചതാണ് കണ്ണൂർ ജില്ലയിലെ ഉറച്ച സീറ്റുകളിൽ തോൽക്കാൻ കാരണമെന്ന് വിമർശനമുയർന്നു.
തളിപ്പറമ്പിൽ പാളി
തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ കൂടിയായ പി.കെ.ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായി പോയെന്ന് വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ വിമർശനമുന്നയിച്ചു. പി.കെ.ശ്യാമളയ്‌ക്കെതിരായ വികാരം മണ്ഡലത്തിൽ ഉണ്ടായിരുന്നു. ഇത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതുമാണ്. എന്നാൽ പാർട്ടി സെക്രട്ടറിയുടെ നിർബന്ധമാണ് ശ്യാമള തന്നെ സ്ഥാനാർഥിയാകുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ടി.കെ.ഗോവിന്ദൻ സിപിഎം വിട്ട് വിമത സ്ഥാനാർഥിയായി മത്സരിച്ചത് പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ്. ശ്യാമളയ്ക്ക് പകരം മറ്റാരെയെങ്കിലും സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ തളിപ്പറമ്പിൽ ജയിക്കുമായിരുന്നെന്നാണ് കണ്ണൂരിൽ നിന്നുള്ള നേതാക്കൾ പറയുന്നത്.
പിണറായിയെ തള്ളാതെ
രണ്ടാം പിണറായി സർക്കാരിന്റെ ഭരണം മോശമായിരുന്നില്ല. സമൂഹത്തിന്റെ എല്ലാ കേണുകളിലും വികസനം എത്തിക്കാൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഭരണമല്ല മറിച്ച പാർട്ടി ഇടപെടലുകളാണ് തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതം കൂട്ടിയതെന്നാണ് ഉയർന്ന വിമർശനം.
നേതൃമാറ്റം ആലോചനയിൽ
സിപിഎമ്മിൽ നേതൃമാറ്റത്തിനു സാധ്യതയേറുന്നു. പി.ജയരാജൻ, എം.സ്വരാജ് എന്നിവർക്ക് പാർട്ടിയിൽ കൂടുതൽ സജീവമാകാൻ നിർദേശം. ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന് വ്യാപകമായി പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നിർദേശം. അടുത്ത പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎമ്മിൽ നേതൃമാറ്റം ഉറപ്പായി. എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി തുടരില്ല. പി.ജയരാജനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. പാർട്ടിയിൽ ജയരാജനെ പിന്തുണച്ചുകൊണ്ട് വലിയൊരു ഗ്രൂപ്പ് ഉയർന്നുവരുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കൂടെ പശ്ചാത്തലത്തിൽ പി.ജയരാജനെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന നിലപാടാണ് മുതിർന്ന നേതാക്കൾക്കും. പി.ജയരാജൻ പാർട്ടി സെക്രട്ടറിയായില്ലെങ്കിൽ പിന്നെ സാധ്യത എം.സ്വരാജിനാണ്. യുവാക്കളുടെ വലിയ പിന്തുണയുള്ളതാണ് സ്വരാജിനെ പരിഗണിക്കാൻ കാരണം. സ്വരാജിനോടും പാർട്ടി പരിപാടികൾ സജീവമാകാൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.