തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തൽ: സംസ്ഥാന സെക്രട്ടറിയേറ്റ് രാത്രി 10.30 വരെ നീണ്ടു, നേതാക്കൾ ജനങ്ങളിലേക്ക്
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സിപിഎം വിലയിരുത്തി
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ഗൗരവ ചർച്ചകൾ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ബുധനാഴ്ച രാവിലെ 10 നു ആരംഭിച്ച സെക്രട്ടറിയേറ്റ് രാത്രി 10.30 വരെ നീണ്ടു. 12 മണിക്കൂറിലേറെയാണ് നേതാക്കൾ ചർച്ച നടത്തിയത്.
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സിപിഎം വിലയിരുത്തി. മേയ്, ജൂൺ മാസങ്ങളിൽ ബ്രാഞ്ച് തലം മുതൽ വിശദമായ ചർച്ചകളും വിലയിരുത്തലുകളും നടത്താൻ തീരുമാനിച്ചു. ഏറ്റവും താഴെ തട്ടിലുള്ള അണികളെ കേൾക്കാനും അവരിൽ നിന്ന് വേണ്ട നിർദേശങ്ങൾ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സെക്രട്ടറിയേറ്റിനിടെ വൈകിട്ട് നാലിനു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിച്ചു.
തെറ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങും. എല്ലാ മേഖലയിലുമുള്ള ആളുകളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും. പാർട്ടിയുടെ ബഹുജന അടിത്തറ വിപുലീകരിക്കാൻ വേണ്ട നടപടികൾ ദ്രുതഗതിയിൽ നടപ്പിലാക്കും. പരാജയത്തെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തിയെന്ന് സെക്രട്ടറിയേറ്റിനു ശേഷം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. വിലയിരുത്തലുകൾ ഉണ്ടായി എന്നും താഴെ തട്ട് മുതൽ കേൾക്കുന്നതാണ് എന്നും പാർട്ടി സമീപനമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി മുഴുവൻ കാര്യങ്ങളും താഴെ മുതൽ കേട്ടിട്ട് വന്നിട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.