വളർമതി ഒന്നാം പ്രതി; സമരക്കാർക്കെതിരെ കേസെടുത്ത് സതീശൻ സർക്കാർ
എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തെ അടിച്ചമർത്താൻ യുഡിഎഫ് സർക്കാർ. സമരക്കാർക്കെതിരെ സതീശൻ സർക്കാർ കേസെടുത്തു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തതിനാണ് കേസ്.
സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. സമര സമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. എൽപിഎസ്ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരണവുമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു വളർമതി.
തിരഞ്ഞെടുപ്പിന് മുൻപ് ഉറപ്പ് തന്ന കാര്യങ്ങളൊന്നും യുഡിഎഫ് സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി തുടർച്ചയായി നുണ പറയുകയാണെന്നും എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചു. യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്നും പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുകയാണെന്നും സമരസമിതി നേതാവ് വളർമതി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് തങ്ങൾ നേരിടുന്നതെന്നും അതുകൊണ്ടാണ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ട അവസ്ഥ വന്നതെന്നും വളർമതി കൂട്ടിച്ചേർത്തു.
