കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ശക്തമായ ചേരിക്ക് രൂപംനൽകാൻ കെ.സി.വേണുഗോപാൽ. ഷാഫി പറമ്പിൽ എംപിയാണ് കെസി ഗ്രൂപ്പിലെ തന്ത്രശാലി. സതീശനെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ എ ഗ്രൂപ്പും കെസി പക്ഷത്ത് അടിയുറച്ചിട്ടുണ്ട്.
ലക്ഷ്യം സതീശൻ
മന്ത്രിസഭയിൽ സതീശനെതിരെ കടുത്ത അതൃപ്തി പുകയുകയാണ്. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, റവന്യു മന്ത്രി എ.പി.അനിൽ കുമാർ, എക്‌സൈസ് മന്ത്രി എം.ലിജു തുടങ്ങിയവർക്ക് സതീശന്റെ ഒറ്റയാൾ ഭരണത്തിൽ കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സതീശനെ മാറ്റണമെന്ന ആവശ്യം പോലും ചില മന്ത്രിമാർ രഹസ്യമായി കെ.സി.വേണുഗോപാലിനെ അറിയിച്ചു.
എ ഗ്രൂപ്പ് ശക്തിപ്പെടുന്നു
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തൈയ്ക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് എ ഗ്രൂപ്പിന്റെ യോഗം ചേർന്നിരുന്നു. കെ.സി ജോസഫ്, എം.എം ഹസൻ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥും പങ്കെടുത്തു. കെ.സി.വേണുഗോപാലിനെ ഇതിൽ ചിലർ അതൃപ്തി അറിയിച്ചു. സതീശൻ ബോർഡ്-കോർപറേഷൻ നിയമന ചർച്ചകളിൽ എ ഗ്രൂപ്പിനെ ഉൾപ്പെടുത്തുന്നില്ലെന്നാണ് പരാതി.
ഹൈക്കമാൻഡിനും അതൃപ്തി
സതീശന്റെ ഒറ്റയാൾ ഭരണത്തിൽ ഒന്നിലേറെ നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചുകഴിഞ്ഞു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ നേരിൽകണ്ട് സതീശനെതിരെ പരാതി പറഞ്ഞിരുന്നു. സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സതീശൻ ഭരിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിൽ ഹൈക്കമാൻഡ് അടക്കം അതൃപ്തിയിലാണ്. Also Read: മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?
