മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റുകയാണ് വേണ്ടത്: ജി സുധാകരൻ
യുഡിഎഫിനുള്ളിലെ തര്‍ക്കങ്ങളില്‍ വിമര്‍ശനവുമായി ജി സുധാകരന് എംഎല്‍എ. മുഖ്യമന്ത്രിമാരെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അവരെ നീക്കണമെന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ അനാവശ്യമായി തര്‍ക്കിക്കുകയാണെന്നും സുധാകരന് പറഞ്ഞു. ചില എം പിമാര്‍ മന്ത്രിയാ മന്ത്രിയാകാനായി നടക്കുകയാണെന്നും നിയമസഭയേക്കാള്‍ വലുത് പാര്‍ലമെന്റാണെന്ന് ഇവര്‍ മനസിലാക്കണമെന്നും ജി സുധാകരന് പരിഹസിച്ചു. ആലപ്പുഴയില്‍ പൊതുപരുപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
3 എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടി പറയുന്നു അടുത്ത തവണ ഞങ്ങള്‍ വരുമെന്ന്. എന്നാലും തമ്മിലടി നിര്‍ത്തില്ല. എന്തിനാണ് തല്ലുന്നത്?, അനാവശ്യമാണ്, ഞാനാണ് വലുതെന്ന് കാണിക്കാനുള്ള ശ്രമം. അതൊന്നും ശരിയല്ല. നല്ലൊരു ഭരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ജനം സര്‍ക്കാരിനെ തിരെഞ്ഞെടുത്തത്. അത് ഇപ്പോഴും ഇല്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം.
മന്ത്രിമാരില്‍ കൊള്ളാത്തവരുണ്ടെങ്കില് അപ്പോള്‍ തന്നെ മാറ്റിയേക്കണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രിയും കസേരയില്‍ ഇരിക്കാല്‍ പാടില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. മന്ത്രിമാരുടെ ലിസ്റ്റ് മുഖ്യമന്ത്രി ഗവര്‍ണറെയോ പ്രധാനമന്ത്രി പ്രസിഡന്റിനെയോ എല്പ്പിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ആ ലിസ്റ്റ് കൊടുക്കാതെ ആരും മന്ത്രിയാകില്ല. മുഖ്യമന്ത്രിയുടെ വിശ്വാസമാര്ജിച്ചവരാണ് മന്ത്രിയാകുന്നത്. പാര്‍ട്ടി തീരുമാനിച്ചാലും മുഖ്യമന്ത്രിയുടെ വിശ്വാസത്തിനാണ് ഭരണഘടന പ്രാധാന്യം നല്‍കുന്നത്. ആ മുഖ്യമന്ത്രിക്കെതിരെ വരുന്നത് എത്ര ഉന്നതനായ മന്ത്രിയാണെങ്കിലും അയാളെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്.
ഓരോരുത്തരും സ്വന്തം അഭിപ്രായപ്രകാരം ഓരോന്ന് പറയുകയാണ്. പാര്‍ലമെന്റില്‍ ഇരിക്കുന്ന എം പി സംസ്ഥാന മന്ത്രിയാകണം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. സംസ്ഥാന അസംബ്ലിയേക്കാള്‍ വലുതാണ് പാര്‍ലമെന്റെന്ന തിരിച്ചറിവ് വേണം. സുധാകരന് പറഞ്ഞു.
