അടൂരിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സതീശൻ പക്ഷം; പൊട്ടിത്തെറിയിലേക്ക്
VD Satheesan and Adoor Prakash
കോൺഗ്രസിലെ ചേരി പോര് വൻ പൊട്ടിത്തെറിയിലേക്ക്. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി സതീശൻ പക്ഷം. മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്ന അടൂർ മുന്നണി കൺവീനർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നാണ് വിമർശനം.
ഒറ്റപ്പെടുന്നു സതീശൻ
കോൺഗ്രസിനുള്ളിൽ വി.ഡി.സതീശൻ പൂർണമായി ഒറ്റപ്പെടുകയാണ്. ആരോഗ്യമന്ത്രി കെ.മുരളീധരൻ മാത്രമാണ് കാബിനറ്റിൽ സതീശനോട് കാര്യമായ അടുപ്പവും പിന്തുണയും കാണിക്കുന്നത്. ബാക്കി മന്ത്രിമാർക്കും സതീശന്റെ ഭരണത്തിൽ താൽപര്യക്കുറവുണ്ട്. മുഹമ്മദ് ഷിയാസ് അടക്കമുള്ള ഏതാനും എംഎൽഎമാരും സതീശന്റെ പക്ഷത്തുണ്ട്. മുസ്ലീം ലീഗിൽ നിന്നും ജമാഅത്തെ ഇസ്ലാമിയിൽ നിന്നുമാണ് സതീശന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത്. ഇക്കൂട്ടരാണ് അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നവർ.
സതീശനെ താഴെയിറക്കാൻ നീക്കം
സംസ്ഥാനത്തെ കോൺഗ്രസിനുള്ളിൽ സതീശനെതിരായ വലിയ വികാരം നിലനിൽക്കുന്നുണ്ട്. മുന്നണിയിലോ പാർട്ടിയിലോ വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സതീശൻ പല തീരുമാനങ്ങളുമെടുക്കുന്നതെന്ന വിമർശനം പല മുതിർന്ന നേതാക്കൾക്കുമുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ കെ.സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹ്നാൻ, മന്ത്രി കൂടിയായ എം.ലിജു തുടങ്ങിയവർക്കെല്ലാം സതീശനോട് എതിർപ്പുണ്ട്. അതിനൊപ്പം ദേശീയ നേതൃത്വത്തിലെ ഉന്നതരായ നേതാക്കളുടെ പിന്തുണയും സതീശൻ വിരുദ്ധ പക്ഷത്തിനുണ്ട്.
കെ.സി.വേണുഗോപാലിന്റെ കളി !
എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ പക്ഷമാണ് സതീശനെതിരായ നീക്കങ്ങൾക്ക് ചരടുവലിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ വേണുഗോപാലിന് അതൃപ്തിയുണ്ട്. എംഎൽഎമാരുടെ പിന്തുണ കൂടുതൽ തനിക്കായിട്ടും സതീശന്റെ സമ്മർദ്ദത്തിനു ദേശീയ നേതൃത്വം വഴങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് സതീശനെതിരായ നീക്കങ്ങൾ വേണുഗോപാലും സംഘവും ശക്തമാക്കിയത്. വേണുഗോപാലിനൊപ്പം കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിയും അടൂർ പ്രകാശിനെ പിന്തുണയ്ക്കുന്നുണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള പിന്തുണയുടെ പുറത്താണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ ആവർത്തിക്കുന്നത്. Also Read: സതീശനെതിരെ നീങ്ങാൻ 'ഉന്നതങ്ങളിൽ' നിന്ന് പച്ചക്കൊടി; മുരളീധരന്റേത് വെറും സംശയമല്ല, വരും ദിനങ്ങൾ കഠിനം
