ഇനി നാലോ, അഞ്ചോ വർഷങ്ങൾ മാത്രം, മനുഷ്യരുടെ മുഴുവൻ ബുദ്ധിയേയും എ ഐ മറികടക്കുമെന്ന് ഇലോൺ മസ്ക്
എ ഐ സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള മുന്നേറ്റം ലോകത്ത് നടക്കുന്നതിനിടെയാണ് മസ്‌കിന്റെ പരാമര്‍ശം.
അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ എല്ലാ മനുഷ്യരുടെയും സഞ്ചയബുദ്ധിയെ എഐ മറികടന്നേക്കുമെന്ന് ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്‌പേസ് എക്‌സ് കമ്പനികളുടെ ഉടമയുമായ ഇലോണ്‍ മസ്‌ക്. എ ഐ സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള മുന്നേറ്റം ലോകത്ത് നടക്കുന്നതിനിടെയാണ് മസ്‌കിന്റെ പരാമര്‍ശം.
സംരഭകനും എഴുത്തുകാരനുമായ പീറ്റര്‍ എച്ച് ഡയമണ്ഡിസിന്റെ പോസ്റ്റിന് മറുപടിയായാണ് മസ്‌കിന്റെ പ്രതികരണം. എ ഐയും റോബോട്ടുകളും രൂപപ്പെടുത്തുന്ന ലോകത്തെക്കുറിച്ചുള്ള വലിയ ശുഭാപ്തിവിശ്വാസമാണ് മസ്‌ക് പങ്കുവെച്ചത്. ഭാവിയില്‍ ലക്ഷക്കണക്കിന് നൂതന റോബോട്ടുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ നഗരങ്ങള്‍ പുനര്‍നിര്‍മിക്കാനാകുമെന്നും അത്തരം കോടിക്കണക്കിന് യത്രങ്ങള്‍ 2045 ആകുമ്പോഴേക്കും ആഗോള സമ്പദ് വ്യവസ്ഥയെ പുനര്‍രൂപകല്പന ചെയ്യുമെന്നും മസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
നിലവില്‍ മനുഷ്യര്‍ ചെയ്യുന്ന പല ജോലികളും ഭാവിയില്‍ യന്ത്രങ്ങള്‍ ഏറ്റെടുക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ ഉത്പാദനം, ലോജിസ്റ്റിക്‌സ്,സേവന മേഖലയിലെ നിരവധി ജോലികള്‍ എന്നിവ വന്‍തോതില്‍ ചെയ്യാന്‍ റോബോട്ടുകള്‍ക്ക് സാധിക്കും. അത് ചെലവ് കുറയ്ക്കുകയും സാധനങ്ങളും സേവനങ്ങളും ഉയര്‍ന്ന അളവില്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും മസ്‌ക് പറയുന്നു.