'യുദ്ധത്തിനും തയ്യാർ'; ഇന്ത്യക്ക് താക്കീതുമായി പാക് പ്രതിരോധമന്ത്രി
2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് ഭീകരാക്രമണത്തെ തുടർന്നാണ് 1960ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്
ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ താക്കീത്. പാക്കിസ്ഥാന്റെ ജലസുരക്ഷ ഭീഷണിയാലുമെന്ന ഘട്ടം വന്നാൽ ഇന്ത്യക്കെതിരെ യുദ്ധത്തിനും തയ്യാറെന്ന് ഖ്വാജ ആസിഫ് പറഞ്ഞു.
' രാജ്യത്തിന്റെ ദേശീയസുരക്ഷയും ജലവും, തീർച്ചയായും ജലം ദേശീയ സുരക്ഷയുടെ ഭാഗമായി വരുന്നതാണ്. ഇവ വെല്ലുവിളിക്കപ്പെട്ടാൽ ഇന്ത്യക്കെതിരെ ഞങ്ങൾ യുദ്ധത്തിനു പോകും. അത് ഉറപ്പാണ്,' ഖ്വാജ ആസിഫ് പറഞ്ഞു.
ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ അസാധാരണ വേഗത്തിൽ നീങ്ങുന്നുവെന്ന് പാക്കിസ്ഥാനു തെളിവ് ലഭിച്ചാൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് ഭീകരാക്രമണത്തെ തുടർന്നാണ് 1960ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്.