ബംഗാളിൽ കനൽ തരി ബാക്കിയുണ്ട്, ഒരുങ്ങിയിരുന്നോളു, കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യതകൾ അടഞ്ഞിട്ടില്ല
ശേഷിക്കുന്ന 4 മത്സരങ്ങളിലും വിജയിച്ചാല്‍ 17 പോയന്റുമായി ആദ്യ നാലിലെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കും.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നേടിയ ഏകപക്ഷീയമായ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണിലെ ആദ്യ മത്സരങ്ങള്‍ പരാജയപ്പെട്ട് തുടങ്ങിയ കൊല്‍ക്കത്ത അവസാനമായി കളിച്ച 4 മത്സരങ്ങളിലും വിജയിച്ചുകഴിഞ്ഞു. ഇതോടെ പോയന്റ് പട്ടികയില്‍ 9 പോയിന്റുമായി ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. ശേഷിക്കുന്ന 4 മത്സരങ്ങളിലും വിജയിച്ചാല്‍ 17 പോയന്റുമായി ആദ്യ നാലിലെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കും.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 143 റണ്‍സില്‍ ഓളൗട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഫിന്‍ അലന്റെ സെഞ്ചുറിക്കരുത്തില്‍ 14.2 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. സാധാരണയായി ഐപിഎല്‍ പ്ലേ ഓഫിനായി 16 പോയന്റുകളാണ് ടീമുകള്‍ക്ക് ആവശ്യമായുള്ളത്. അതിനാല്‍ തന്നെ ബാക്കിയുള്ള നാല് മത്സരങ്ങളിലും വിജയിക്കാനായാല്‍ ആദ്യ നാലില്‍ ഇടം നേടാന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കും. ആര്‍സിബി, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കെതിരെയാണ് കൊല്‍ക്കത്തയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.