Jasprit Bumrah: ഇങ്ങനെയൊരു കാഴ്ച അപൂർവ്വങ്ങളിൽ അപൂർവ്വം; അഞ്ച് കളികളിലും ബുംറ 'പൂജ്യം'
അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലിലും തോറ്റ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്
Jasprit Bumrah
Jasprit Bumrah: ഐപിഎൽ ആരാധകരെ നിരാശപ്പെടുത്തി മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രിത് ബുംറയുടെ ഫോംഔട്ട്. സീസണിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായിട്ടും ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ ബുംറയ്ക്കു സാധിച്ചിട്ടില്ല. മാത്രമല്ല റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും ബുംറയിൽ ഇപ്പോൾ കാണാനില്ല.
അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലിലും തോറ്റ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. മുംബൈയുടെ മോശം പ്രകടനത്തിനു പ്രധാന കാരണം ബുംറയുടെ ഫോംഔട്ടാണ്. അഞ്ച് കളികളിൽ 8.63 ഇക്കോണമിയിൽ 164 റൺസ് വിട്ടുകൊടുത്ത ബുംറയ്ക്ക് ഒരു കളിയിൽ പോലും വിക്കറ്റില്ല. കഴിഞ്ഞ സീസണിൽ 12 കളികളിൽ നിന്ന് 18 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മാത്രമല്ല 2016 മുതൽ ഒരു സീസണിലും ബുംറ എട്ടിനു മുകളിൽ ഇക്കോണമി റേറ്റിലേക്ക് എത്തിയിട്ടുമില്ല.
പവർപ്ലേയിൽ ബുംറ വിക്കറ്റ് കണ്ടെത്തുകയും ബാറ്റർമാരെ ആക്രമിച്ചു കളിക്കാൻ സമ്മാതിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് മുംബൈ കളിയിൽ ആധിപത്യം സ്ഥാപിക്കാറുള്ളത്. എന്നാൽ ഈ സീസണിൽ അങ്ങനെയൊരു കാഴ്ച ഇതുവരെ ഉണ്ടായിട്ടില്ല.