1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. No babar azam shaheen afridi pakistan name squad for Asian games 2026

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

Pakistan  Team
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്റെ സൂചനകള്‍ ശക്തമാക്കി ഏഷ്യന്‍ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു.  മുന്‍ നായകന്‍ ബാബര്‍ അസം, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി, ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെ പുറത്താക്കിയാണ് പുതിയ ടീം പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.  ജപ്പാനിലെ ഐച്ചി-നഗോയയില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്താനെ നയിക്കുക. അബ്ദുല്‍ സമദിനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു. 
 
സമീപകാലത്ത് പാകിസ്താന്റെ ടി20 ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമായ ഫര്‍ഹാന്‍ ഇക്കഴിഞ്ഞ ടി20 ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങളാണ് നടത്തിയത്. നിലവില്‍ പ്രഖ്യാപിച്ച പാക് ടീമില്‍ ടി20 അന്താരാഷ്ട്ര അരങ്ങേറ്റം പോലും നടത്താത്ത 4 താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അകിഫ് ജാവേദ്, അലി റാസ, മാസ് സദാഖത്ത്, സാദ് മസൂദ് എന്നിവരാണ് ടീമിലെ പുതുമുഖ താരങ്ങള്‍. ഇവര്‍ക്ക് പുറമെ സൈം അയൂബ്, അബ്രാര്‍ അഹമ്മദ്, ഹൈദര്‍ അലി, ഹസന്‍ നവാസ് തുടങ്ങിയ യുവതാരങ്ങളും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഉസ്മാന്‍ ഖാനെ ടീമില്‍ നിലനിര്‍ത്തി.
 
ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും പിന്നാലെ നടന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലുമെല്ലാം മോശം പ്രകടനമാണ് പാകിസ്ഥാന്‍ നടത്തുന്നത്. സീനിയര്‍ താരങ്ങളായിട്ടും ടീമിന് സഹായകമായ പ്രകടനങ്ങള്‍ നടത്താന്‍ അടുത്ത കാലത്തൊന്നും ബാബര്‍ അസമിനും ഷഹീന്‍ അഫ്രീദിക്കും സാധിച്ചിരുന്നില്ല.  2023ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയായിരുന്നു സ്വര്‍ണം സ്വന്തമാക്കിയത്.
 
ഏഷ്യന്‍ ഗെയിംസിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം
 
സാഹിബ് സാദ ഫര്‍ഹാന്‍(ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്(വൈസ് ക്യാപ്റ്റന്‍, അബ്‌റാര്‍ അഹമ്മദ്, അഹ്‌മദ് ഡാനിയേല്‍, ആകിഫ് ജാവേദ്, അലി റാസ, അറാഫത്ത് മിന്‍ഹാസ്, ഹൈദര്‍ അലി, ഹസന്‍ നവാസ്, മാസ് സദാഖത്ത്, മൊഹമ്മദ് സല്‍മാന്‍ മിര്‍സ, സാദ് മസൂദ്, സൈം അയൂബ്, സുഫിയാന്‍ മൊഖ്വിം, ഉസ്മാന്‍ ഖാന്‍
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക