Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ സഖ്യത്തില്‍ കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവര്‍ക്കൊപ്പമാണ് വില്യംസണ്‍ ഉള്‍പ്പെട്ടിരുന്നത്.
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളും ന്യൂസിലന്‍ഡിന്റെ ഇതിഹാസ താരവുമായ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും നിന്നും വിരമിച്ചു. കിവീസിനെ ലോകകപ്പ് ഫൈനല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടം എന്നിവ സമ്മാനിച്ചതിന് ശേഷമാണ് 35കാരനായ താരം അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായുള്ള പരിക്കുകളാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ സഖ്യത്തില്‍ കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവര്‍ക്കൊപ്പമാണ് വില്യംസണ്‍ ഉള്‍പ്പെട്ടിരുന്നത്. കിവീസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററാണ് വില്യംസണ്‍. ന്യൂസിലന്‍ഡിനായി എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 378 മത്സാര്‍ങ്ങളില്‍ നിന്ന് 19,346 റണ്‍സും 48 സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 6 ഇരട്ടസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. വിരമിക്കല്‍ തീരുമാനം ഏറെ വൈകാരികമായാണ് താരം അറിയിച്ചത്.
ന്യൂസിലന്‍ഡിനായി കളിക്കാനായത് ജീവിതത്തിലെ ഭാഗ്യമാണ്. അടുത്ത തലമുറയിലെ യുവതാരങ്ങള്‍ക്ക് വഴി മാറികൊടുക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് കരുതുന്നു. ബ്ലാക്ക് ക്യാപ്‌സ് ജേഴ്‌സിയില്‍ ചെലവഴിച്ച ഓരോ നിമിഷവും ഓര്‍മകളും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും. സഹതാരങ്ങള്‍ക്കും ബോര്‍ഡിനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. വില്യംസണ്‍ വ്യക്തമാക്കി.
Kane Williamson announcing his retirement. pic.twitter.com/KpUTavWz1a
— Mufaddal Vohra (@mufaddal_vohra) June 12, 2026
ന്യൂസിലന്‍ഡ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനെന്ന പേര് നേടിയാണ് വില്യംസണിന്റെ വിരമിക്കല്‍. 40 ടെസ്റ്റുകളില്‍ ന്യൂസിലന്‍ഡിനെ നയിച്ച വില്യംസണ്‍ 22 എണ്‍നത്തിലും വിജയിച്ചു. 10 മത്സരങ്ങളില്‍ പരാജയപ്പെട്ടു. ഏകദിനത്തില്‍ 91 മത്സരങ്ങളില്‍ നായകനായപ്പോള്‍ 46 എണ്ണത്തിലും വിജയിക്കാന്‍ വില്യംസണായി. 75 ടി20 മത്സരങ്ങളില്‍ നയിച്ചതില്‍ 39 എണ്ണത്തിലും ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു.
110 ടെസ്റ്റുകളില്‍ നിന്നായി 54.1 ശരാശരിയില്‍ 9515 റണ്‍സും ഏകദിനത്തില്‍ 175 മത്സരങ്ങളില്‍ നിന്ന് 48.7 റണ്‍സ് ശരാശരിയില്‍ 7256 റണ്‍സും താരത്തിന്റെ പേരിലുണ്ട്. ടി20 ഫോര്‍മാറ്റില്‍ 93 മത്സരങ്ങളില്‍ നിന്നായി 2575 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.