ബുമ്രയെയാണ് അവൻ ഞെട്ടിച്ചത്, ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല, വൈഭവിന് ഇന്ത്യൻ ക്യാപ് നൽകണമെന്ന് ഇർഫാൻ പത്താൻ

ദേശീയ സെലക്ടര്‍മാര്‍ ഉടന്‍ നടപടി വൈഭവിന് ദേശീയ ടീമില്‍ അവസരം നല്‍കണമെന്ന് പത്താന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടു.

Vaibhav Suryavanshi
അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (15:20 IST)
ഐപിഎല്ലില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അടിച്ചുപരത്തിയ 15കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ എത്രയും വേഗം ദേശീയ ടീമില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. ദേശീയ സെലക്ടര്‍മാര്‍ ഉടന്‍ നടപടി വൈഭവിന് ദേശീയ ടീമില്‍ അവസരം നല്‍കണമെന്ന് പത്താന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടു.

ഗുവാഹത്തിയില്‍ ചൊവ്വാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് - മുംബൈ ഇന്ത്യന്‍സ് ഏറ്റുമുട്ടലില്‍ 14 പന്തില്‍ 39 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഇതില്‍ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ നേടിയ 2 സിക്‌സുകളും ഉള്‍പ്പെടുന്നു. ലോക ക്രിക്കറ്റിലെ തന്നെ മികച്ച ബൗളറെന്ന് വിശേഷിപ്പിക്കാവുന്ന ബുമ്രയ്‌ക്കെതിരെ വൈഭവ് സിക്‌സുകള്‍ നേടിയതാണ് പത്താനെ അതിശയിപ്പിച്ചത്. ബുമ്രയെ തന്റെ പ്ലാനുകളില്‍ നിന്ന് മാറ്റി സ്ലോ ബോളുകള്‍ എറിയാന്‍ നിര്‍ബന്ധിച്ചിപ്പിച്ചത് 15കാരനായ താരമാണെന്നും ഇതിന് മുന്‍പ് മറ്റാരും ഇങ്ങനെ കളിക്കുന്നത് കണ്ടിട്ടില്ലെന്നും പത്താന്‍ പറഞ്ഞു.

ഈ സീസണില്‍ ഇതു വൈഭവിന്റെ രണ്ടാം തകര്‍പ്പന്‍ ഇന്നിംഗ്‌സ് ആണ്. ഇതിനു മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 15 പന്തില്‍ 52 റണ്‍സ് വൈഭവ് നേടിയിരുന്നു. 2025ലെ മെഗാ താരലേലത്തില്‍ 1.1 കോടി മുടക്കിയാണ് വൈഭവിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ടീമിലെത്തിയ വൈഭവ് അതേസീസണില്‍ തന്നെ സെഞ്ചുറി നേടി ലോകത്തെ ഞെട്ടിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :