1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Shreyas Iyer PBKS Batting and Captaincy

Shreyas Iyer: ബിസിസിഐ കാണുന്നുണ്ടോ? കൊൽക്കത്തയ്ക്കു നഷ്ടബോധമുണ്ടോ? ശ്രേയസോടെ അയ്യർ

ഈ സീസണിൽ അഞ്ച് കളികൾ കഴിഞ്ഞപ്പോൾ നാല് ജയത്തോടെ പഞ്ചാബ് ഒന്നാം സ്ഥാനത്താണ്

Shreyas Iyer
Shreyas Iyer

Shreyas Iyer: ബിസിസിഐയ്ക്കു മാത്രമല്ല കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസിക്കും ശ്രേയസ് അയ്യർ ദുഃസ്വപ്‌നമാകുകയാണ്. കിരീടം നേടിത്തന്ന ക്യാപ്റ്റനെ വിട്ടുകൊടുത്ത കൊൽക്കത്തയുടെ ബുദ്ധി 'ആനമണ്ടത്തരം' എന്നല്ലാതെ എന്ത് പറയാനാണ് ! ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ശ്രേയസ് രാജ്യാന്തര ടീമിന്റെ ഭാഗമല്ലാത്തത് ശ്രേയസിന്റെ നഷ്ടമല്ല, ബിസിസിഐയുടെ നഷ്ടമാണ്..! 
 
ഈ സീസണിൽ അഞ്ച് കളികൾ കഴിഞ്ഞപ്പോൾ നാല് ജയത്തോടെ പഞ്ചാബ് ഒന്നാം സ്ഥാനത്താണ്. ഒരു കളി മഴ മൂലം ഉപേക്ഷിച്ചതിനാൽ തോൽവി അറിയാത്ത ഏക ടീമും പഞ്ചാബാണ്. നാല് ഇന്നിങ്‌സുകളിൽ നിന്ന് 203 റൺസുമായി റൺവേട്ടയിൽ ശ്രേയസ് ആറാമതുണ്ട്. ബാറ്റിങ്ങിൽ മാത്രമല്ല ക്യാപ്റ്റൻസിയും ഫീൽഡിങ്ങിലും ശ്രേയസ് തന്റെ നൂറ് ശതമാനവും ടീമിനായി സംഭാവന ചെയ്യുന്നു. 
 
രാജ്യാന്തര ടീമിൽ ശ്രേയസിനു ഇപ്പോഴും ഇടമില്ലാത്തത് ആശ്ചര്യത്തോടെ മാത്രമേ നോക്കികാണാൻ സാധിക്കൂ. ഇന്ത്യയുടെ ടി20 ടീമിൽ ഭാഗമാകണമെങ്കിൽ ഇതിൽ കൂടുതൽ എന്താണ് ഒരു താരം ചെയ്യേണ്ടത്? നായകൻ സൂര്യകുമാർ യാദവ് തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുമ്പോഴാണ് അതേ പൊസിഷനിൽ ഏറ്റവും മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ശ്രേയസ് അയ്യരെ ബിസിസിഐ കണ്ടില്ലെന്നു നടിക്കുന്നത്. 
 
മറുവശത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആകട്ടെ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ്. അഞ്ച് കളികളിൽ ഒരു ജയം പോലും കൊൽക്കത്തയ്ക്കില്ല. ശ്രേയസിനെ പോലൊരു ക്യാപ്റ്റനെയും ബാറ്ററെയും കൊൽക്കത്ത മിസ് ചെയ്യുന്നുമുണ്ട്. ശ്രേയസിനെ കഴിഞ്ഞ സീസണിനു മുൻപ് വിട്ടുകൊടുത്തതിൽ കൊൽക്കത്ത ഇപ്പോൾ സ്വയം പഴിക്കുന്നുണ്ടാകുമെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. 
അടുത്ത ലേഖനം
Jasprit Bumrah: ഇങ്ങനെയൊരു കാഴ്ച അപൂർവ്വങ്ങളിൽ അപൂർവ്വം; അഞ്ച് കളികളിലും ബുംറ 'പൂജ്യം'