IPL Finals 2026 GT vs RCB : ഐപിഎല്ലിൽ രണ്ടാം കിരീടം തേടി ഗുജറാത്തും ആർസിബിയും, ചാമ്പ്യന്മാർ ആര്, ഇന്നറിയാം
ഐപിഎല്ലിലെ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ഐപിഎല്ലിലെ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ നിരയാണ് ആര്‍സിബിക്കുള്ളത്. തകര്‍ത്തടിക്കാനാകുന്നില്ലെങ്കിലും വിരാട് കോലി തന്നെയാണ് ആര്‍സിബി ബാറ്റിങ്ങിന്റെ നെടുന്തൂണ്‍. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍- ഹേസല്‍വുഡ് ജോഡിയും മികച്ച ഫോമിലാണ്. അതേസമയം മികച്ച ബൗളിങ്ങ് നിരയാണെങ്കിലും ബാറ്റിങ്ങില്‍ ടോപ് ഓര്‍ഡറിനെ അമിതമായി ആശ്രയിക്കുന്ന ടീമാണ് ഗുജറാത്ത്. അതിനാല്‍ തന്നെ പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ നേടിയാല്‍ വിജയം സ്വന്തമാക്കാന്‍ ആര്‍സിബിക്ക് സാധിക്കും.
തങ്ങളുടെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരമെന്നതാണ് ഗുജറാത്തിന് അനുകൂലമായ ഘടകം. റബാഡ- സിറാജ് പേസ് സഖ്യം അഹമ്മദാബാദില്‍ തീ തുപ്പുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയോടെ കളിക്കുന്ന സായ് സുദര്‍ശന്‍- ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുക്കെട്ടാകും ഗുജറാത്തിന് നിര്‍ണായകമാവുക. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസവുമായാണ് ആര്‍സിബി എത്തുന്നത്. ടിം ഡേവിഡ്, റോമരിയോ ഷെപ്പേര്‍ഡ് വരെ എത്തിനില്‍ക്കുന്ന ബാറ്റിംഗ് നിരയും ഹേസല്‍വുഡ്, ഡഫി, ഭുവനേശ്വര്‍ ബൗളിംഗ് സഖ്യവുമാണ് ആര്‍സിബിയുടെ കരുത്ത്.